കായംകുളം നഗരസഭാ കെട്ടിടത്തിന് പുതിയ കവാടം: തീരുമാനം വിവാദത്തിൽ
1531758
Tuesday, March 11, 2025 12:04 AM IST
കായംകുളം: നഗരസഭാ കെട്ടിടത്തിന് ശതാബ്ദി സ്മാരക കവാടം നിർമിക്കാനുള്ള നഗരസഭയുടെ തീരുമാനം വിവാദത്തിൽ. കാലപ്പഴക്കത്താൽ പൊളിച്ചുപണിയേണ്ട കെട്ടിടത്തിന് പത്തുലക്ഷം രൂപ ചെലവിട്ട് കവാടം നിർമിക്കുന്നതിൽ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി.
1967ൽ ധനകാര്യമന്ത്രിയായിരുന്ന പി.കെ. കുഞ്ഞുസാഹിബ് തറക്കല്ലിടുകയും 1969ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.കെ. ദിവാകരൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്ത നഗരസഭാ കെട്ടിടത്തിന് 56 വർഷത്തെ പഴക്കമുണ്ട്. ഈ കെട്ടിടത്തിന് കവാടം പണിയാനുള്ള നഗരസഭയുടെ നീക്കം ഉപേക്ഷിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ടി. സൈനുലാബ്ദീൻ, ചിറപ്പുറത്ത് മുരളി എന്നിവർ ആവശ്യപ്പെട്ടു.
മാലിന്യനിർമാർജനത്തിനും വികസന പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകാതെയും സാമ്പത്തിക അച്ചടക്കം പാലിക്കാതെയും നഗരസഭ നടത്തുന്ന നിർമാണപ്രവർത്തനം അനാവശ്യമാണെന്ന് അവർ പറഞ്ഞു. കാലപ്പഴക്കത്താൽ ജീർണിച്ച കെട്ടിടം പൊളിച്ചുപണിയേണ്ട സാഹചര്യത്തിലാണ് അമൃത് പദ്ധതി യുടെ ഭാഗമായി പുതുക്കിപ്പണിതത്. ഒരുകോടിയോളം രൂപ ചെലവഴിച്ച് പുറംമോടി പിടിപ്പിച്ചെങ്കിലും മുടക്കിയ പണം മുഴുവൻ പാഴായ അവസ്ഥയിലാണിപ്പോൾ.
ലക്ഷങ്ങൾ മുടക്കി നിർമിച്ച കൗൺസിൽ ഹാൾ പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗൺ പോലെയായി. ഇവിടേക്ക് എത്താൻ നിർമിച്ച ലിഫ്റ്റ് കാഴ്ചവസ്തുവായി മാറി. ഈ സാഹചര്യത്തിൽ പഴയ കെട്ടിടത്തിന് കവാടം നിർമിക്കുന്നതാണ് പ്രതിഷേധമുയർത്തുന്നത്.
എന്നാൽ, മികവാർന്ന പരിപാടികളിലൂടെയും ക്ഷേമപരമായ പദ്ധതികളുടെയും നഗരസഭ മികച്ചരീതിയിൽ മുന്നോട്ടുപോവുകയാണന്നും ഈ സാമ്പത്തികവർഷവും ജില്ലയിൽ പദ്ധതിനിർവഹണത്തിൽ കായംകുളം നഗരസഭ ഒന്നാമതാണെന്നും നഗരസഭ ചെയർപേഴ്സൺ പി. ശശികല പറഞ്ഞു.
എന്നാൽ, കായംകുളം നഗരസഭ ശതാബ്ദി സ്മാരക കവാട നിർമാണ തീരുമാനം ഉപേക്ഷിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിക്കുന്ന ഈ കവാടം കുറെ ആളുകളുടെ പേര് നഗരസഭയുടെ മുന്നിൽ കൊത്തിവയ്ക്കുവാനേ ഉപകരിക്കൂ. 100 വർഷ പാരമ്പര്യം അവകാശപ്പെടുന്ന നഗരത്തിൽ ഒരു മൂത്രപ്പുര പോലും നിർമിക്കാൻ ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ല. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഏക മൂത്രപ്പുര അടച്ചുപൂട്ടിയിട്ടു വർഷങ്ങളായെന്നും യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എ. ഇർഷാദ്, കൺവീനർ എ.എം കബീർ എന്നിവർ ആരോപിച്ചു.
കവാടത്തിന്റെ
ശിലാസ്ഥാപനം നടത്തി
കായംകുളം: പ്രതിപക്ഷ പ്രതിഷേധം നിലനിൽക്കുന്നതിനിടെ നഗരസഭാ ശതാബ്ദി സ്മാരക കവാടത്തിന്റെ ശിലാസ്ഥാപനം യു. പ്രതിഭ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൻ പി. ശശികല അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജെ. ആദർശ്, സെക്രട്ടറി സനിൽ എസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എസ്. സുൽഫിക്കർ, മായാദേവി, എസ്. കേശുനാഥ്, ഫർസാന ഹബീബ്, ഷാമില അനിമോൻ, കൗൺസിലർമാരായ റെജി മാവനാൽ, ആർ ബിജു, ഷെമി മോൾ, അമ്പിളി ഹരികുമാർ, രാജശ്രീ കമ്മത്ത്, ഗംഗാദേവി, വിജയശ്രീ, സൂര്യ ബിജു, ബിനു അശോക്, ലേഖ സോമരാജൻ, രഞ്ജിതം, ഷീബ ഷാനവാസ് എന്നിവർ പങ്കെടുത്തു.