ഫിഷറീസ് ഓഫീസറില്ല; മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ
1532031
Tuesday, March 11, 2025 11:56 PM IST
അന്പലപ്പുഴ: ചെറിയഴീക്കല്‍, കരുനാഗപ്പള്ളി, കുഴിത്തുറ എന്നിവിടങ്ങളിൽ ഫിഷറീസ് ഓഫീസറെ നിയമിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫിഷറീസ് മന്ത്രി സജി ചെറിയാന് കത്തുനല്‍കി. സെക്രട്ടേറിയറ്റില്‍നിന്ന് അന്യസേവന വ്യവസ്ഥയിലാണ് കഴിഞ്ഞ നാലുവര്‍ഷമായി ഉദ്യോഗസ്ഥ സേവനം ഇവിടങ്ങളില്‍ ലഭിച്ചിരുന്നത്.
രണ്ടാഴ്ച മുന്‍പ് ഇവര്‍ സേവനം അവസാനിപ്പിച്ച് തിരികെ സെക്രട്ടേറിയറ്റിലേക്ക് മടങ്ങിയതിനാല്‍ ഈ ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചു. ഇത് മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബവും നേരിടുന്ന പ്രതിസന്ധി വര്ധിപ്പിക്കാനിടയാക്കിയെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
സമൂഹത്തില്‍ സാമ്പത്തികമായി വളരെയധികം അവശത അനുഭവിക്കുന്ന വിഭാഗമാണ് മത്സ്യത്തൊഴിലാളി സമൂഹം. അവരുടെ ഉന്നമനത്തിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. ഓഫീസുകളില്‍ സേവനം നിലച്ചതിനാല്‍ പ്രഷണല്‍ കേഴ്സുകളിലേക്കുള്ള പ്രവേശന രജിസ്ട്രേഷന് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ തൊഴില്‍ സംബന്ധിച്ച ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രം ലഭിക്കാത്ത സാഹചര്യമാണ്.
ഇത് ഇവിടത്തെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം പ്രതിസന്ധിയിലാക്കി. കൂടതെ മത്സ്യത്തൊഴിലാളികളുടെ വിവിധ ക്ഷേമപദ്ധതികള്‍, ക്ഷേമനിധി ഉള്‍പ്പെടെയുള്ള മറ്റാനുകൂല്യങ്ങള്‍, ലൈസന്‍സുകള്‍ തുടങ്ങിയവയുടെ അപേക്ഷ സ്വീകരിക്കേണ്ടതും പരിശോധിക്കേണ്ടതും ഫിഷറീസ് ഓഫീസറാണ്.
നിലവില്‍ ഈ തസ്തികയില്‍ ഉദ്യോഗസ്ഥനില്ലാത്തതിനാല്‍ അത്യാവശ്യം ലഭിക്കേണ്ട സേവനം പോലും കിട്ടാതെ ദുരിതമനുഭവിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. അതിനാല്‍ ഇതിന് പരിഹാരം കാണുന്നതിനായി ഈ മൂന്നിടങ്ങളിലും താത്കാലികമായിട്ടെങ്കിലുംഏതെങ്കിലും ഉദ്യോഗസ്ഥനെ നിയമിക്കുകയോ സ്ഥിരം നിയമനം നടത്തുകയോ ചെയ്യണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.