ഇലമ്പനംതോട് നവീകരിക്കുന്നു; നെൽകർഷകർക്ക് ഗുണമാകുമോ?
1532032
Tuesday, March 11, 2025 11:56 PM IST
മാന്നാർ: അപ്പർകുട്ടനാടൻ മേഖലയിലെ ആയിരത്തഞ്ഞൂറോളം ഏക്കറുള്ള മാന്നാർ കുരട്ടിശേരി പുഞ്ചയിലെ പ്രധാന ജലസ്രോതസായ ഇലമ്പനംതോടിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മാന്നാർ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലൂടെ കടന്നുപോകുന്ന ഇലമ്പനംതോട്ടിൽ പായലും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതോടെ നെൽകർഷകർ ഏറെ പ്രതിസന്ധിയിലായിരുന്നു.
പമ്പാനദിയിലെ വെള്ളം പാടത്തേക്ക് എത്തിക്കുന്നതും പുറത്തേക്കു കളയുന്നതും ഈ തോടുവഴിയാണ്. വിഷവർശേരിക്കരയിലെ മൂർത്തിട്ടയിൽ തുടങ്ങി പാവുക്കരയുടെ മധ്യത്തിലൂടെ മുക്കാത്താരി, വള്ളവൻതിട്ട, വയരപ്പുറം പാലം, ചക്കിട്ടപ്പാലം, വാലയിൽപ്പടി വഴി ഇവിടെ ചേരുന്ന അച്ചൻകോവിലാറിന്റെ കൈവഴിയും ചേർന്ന് വള്ളക്കാലി പാലം കടന്നു പമ്പാനദിയിൽ പതിക്കുന്ന കൈവഴിയാണ് ഇലമ്പനം തോട്.
2023 ലെ സംസ്ഥാന ബജറ്റിൽ ഇലമ്പനം തോട് നവീകരണത്തിന് രണ്ടുകോടി വകയിരുത്തിയെങ്കിലും തുടർ നടപടികൾ ഒന്നുമുണ്ടായില്ല. കർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ച് മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി ആദ്യഘട്ടമെന്ന നിലയിൽ ഇറിഗേഷൻ പദ്ധതിയിൽ അടിയന്തരമായി അനുവദിച്ച ഒരു കോടി രൂപയിൽ പായലും മാലിന്യങ്ങളും നീക്കി തോടിന്റെ ആഴം കൂട്ടുന്ന പ്രവൃത്തികളാണ് നടത്തിവരുന്നത്.
പാവുക്കര മൂർത്തിട്ട മുതൽ കുരട്ടിശേരി പുഞ്ചയിലെ കുടവള്ളാരി ബിയുടെ മോട്ടോർ തറയ്ക്ക് സമീപം കാട്ടടി വരെയുള്ള 8.50 കി.മീ. ദൂരത്തിലാണ് ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
പായൽ നീക്കം ചെയ്യുന്ന ജോലികൾ വളരെ വേഗത്തിൽ തീർക്കുന്നതിനായി തോടിന്റെ നാല് ഇടങ്ങളിലായി ഹിറ്റാച്ചി എത്തിച്ച് മാലിന്യവും പോളയും ജലസസ്യങ്ങളും വാരി തോടിന്റെ കരയിൽ നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്.