ഓര്‍ഡര്‍ അനുസരിച്ച് ചാരായം വില്പന; പ്രതി പിടിയില്‍
1531427
Sunday, March 9, 2025 11:44 PM IST
എടത്വ: ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ചാരായം ഉണ്ടാക്കി വില്പന നടത്തിയിരുന്ന പ്രതി എക്സൈസിന്റെ പിടിയില്‍. എടത്വ വില്ലേജില്‍ പുതുക്കരി ഇരുപതില്‍ചിറ വീട്ടില്‍ സുധാകരന് (62) ആണ് കുട്ടനാട് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പൊതുജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് കുട്ടനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റാന്‍ പാകപ്പെടുത്തിയ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. ചാരായം ലിറ്ററിന് ആയിരം രൂപ പ്രകാരമാണ് വില്പന നടത്തിയതെന്നും ഉത്സവകാലമായതിനാല്‍ ആവശ്യക്കാര്‍ പറഞ്ഞതനുസരിച്ച് വാറ്റിയതാണെന്നും സുധാകരന് പറഞ്ഞു. വീട്ടില്‍നിന്ന് ആറ് ലിറ്റര്‍ ചാരായവും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നൂറ്റിപ്പത്ത് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വിവാഹപാര്‍ട്ടികള്‍ക്കും വിശേഷ ദിവസങ്ങളിലും ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ഇയാള്‍ ചാരായം വാറ്റി നല്കിവന്നിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സസൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് എം.എസ്. സുഭാഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി. അനില്‍കുമാര്‍, സുരേഷ്, ശ്രീരണദിവെ, സിവില്‍ എക്സൈസ് ഓഫീസ് ഡ്രൈവര്‍ വിനോദ് കുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ എത്തിയിരുന്നു.