വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ്: ഒളിവില്‍പ്പോയ അധ്യാപികക്കെതിരേ അന്വേഷണം ഊര്‍ജിതമാക്കി
1531756
Tuesday, March 11, 2025 12:04 AM IST
ചേര്‍ത്തല: സഹപ്രവര്‍ത്തകരുടെ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് തയാ റാക്കി പിടിയിലായതിനെതുടര്‍ന്ന് ഒളിവില്‍പോയ അധ്യാപികയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി നടപടികള്‍ സ്വീകരിച്ചതായും വിവരമുണ്ട്. ഇവര്‍ക്കെതിരേ താലൂക്കിലെ മൂന്നു പോലീസ് സ്റ്റേഷനുകളിലായി നാലു കേസുകളെടുത്തെങ്കിലും ഇവരെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല.
ചേര്‍ത്തലയില്‍ തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനമെങ്കിലും ഇവര്‍ അനുദിനം ഒളിയിടം മാറുന്നതായി പോലീസ് സംശയിക്കുന്നു. നഗരത്തിലെ ഗവണ്മെന്റ് എല്‍പി സ്കൂള്‍ മുന്‍ പ്രഥമാധ്യാപികയും കരുവായില്‍ ഭാഗത്തെ എന്‍.ആര്. സീതയാണ് സ്കൂളിലെ താല്‍ക്കാലിക അധ്യാപകരുടെയും രക്ഷിതാക്കളുടെയും പേരില്‍ ശമ്പളസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി പണം തട്ടിയത്.
വിവിധ കെഎസ്എഫ്ഇ ശാഖകളില്‍നിന്നുള്ള പരാതികളെ തുടര്‍ന്നാണ് ചേര്‍ത്തല, അര്‍ത്തുങ്കല്‍, പട്ടണക്കാട് സ്റ്റേഷനുകളിലായാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പട്ടണക്കാട് പോലീസില്‍ രണ്ടു കേസുകളിലായി 16.97 ലക്ഷം രൂപയുടെയും അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനില്‍ 3.24 ലക്ഷം, ചേര്‍ത്തല 3.75 ലക്ഷം എന്നിങ്ങനെയാണ് തട്ടിപ്പുനടത്തിയതായി പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്. ഇതിനിടയില്‍ സ്കൂള്‍ പിടിഎ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച് പിടിഎയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയെയും കേസിനെയും തുടര്‍ന്ന് ഇവരെ വിദ്യാഭ്യാസവകുപ്പ് ജോലിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.