പ്രിന്‍സിപ്പലിന് കുട്ടികള്‍ വരച്ചു നല്കിയ സമ്മാനം വൈറലായി
1531754
Tuesday, March 11, 2025 12:04 AM IST
എടത്വ: വിരമിക്കുന്ന പ്രിന്‍സിപ്പലിന് കുട്ടികള്‍ വരച്ചു നല്കിയ സമ്മാനം വൈറലായി. പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നു വിരമിക്കുന്ന പ്രിന്‍സിപ്പല്‍ തോമസുകുട്ടി മാത്യു ചീരംവേലിന്റെ യാത്രയയപ്പിന് കുട്ടികള്‍ സമ്മാനിച്ച വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ നാലു ദിവസം കൊണ്ട് എട്ടു ലക്ഷത്തോളം ആളുകളാണ് ഫോളോ ചെയ്തത്. കുട്ടികള്‍ സമ്മാനിച്ച ഫോട്ടോ തോമസുകുട്ടി മാത്യു തുറന്നുനോക്കിയപ്പോള്‍ കണ്ണീര് ഇറ്റിറ്റ് വീഴുന്ന കാഴ്ചയാണ് സമൂഹമാധ്യമത്തിലൂടെ ജനഹൃദയങ്ങള്‍ നിറച്ചത്.
20 വര്‍ഷം മുന്‍പ് മരിച്ചുപോയ പിതാവ് സി.സി. മാത്യുവും മാതാവ് അന്നമ്മ മാത്യുവും ചേര്‍ത്തു പിടിച്ചുകൊണ്ടുള്ള തോമസുകുട്ടി മാത്യുവിന്റെ ഫോട്ടയായിരുന്നു കുട്ടികള്‍ സമ്മാനിച്ചത്. പ്രിയപ്പെട്ട സാറിന് അച്ഛനും അമ്മയ്ക്കുമൊപ്പം ആദ്യമായൊരു ചിത്രം എന്ന കുറിപ്പോടെ കുട്ടികള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കുട്ടികളെയും അധ്യാപകനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. യാത്രയയപ്പിന് നല്കിയ ഈ ചെറിയ പാരിതോഷികത്തിന് ഇത്രയേറെ വലിപ്പമുണ്ടെന്നു കരുതിയില്ലെന്നാണ് കുട്ടികള്‍ പറയുന്നത്.