കൗതുകക്കാഴ്ചയായി പോലീസ് സ്റ്റേഷനിലെ ഇരുചക്ര ഗോഡൗണ്‍
1531431
Sunday, March 9, 2025 11:44 PM IST
പൂച്ചാക്കല്‍: പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനിലെത്തിയാല്‍ ഒരു കൗതുകക്കാഴ്ചയുണ്ട്. ക്രമമായി നിരത്തി വച്ചിരിക്കുന്ന ബൈക്കുകള്‍. കണ്ടാല്‍ ഏതോ കമ്പനിയുടെ ഗോഡൗണാണെന്ന് തോന്നും. എന്നാല്‍ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇരുചക്രവാഹനങ്ങളാണ് സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരിക്കുന്നത്.
സ്റ്റേഷന് മുന്‍വശം മതിലിനോട് ചേര്‍ന്നായിരുന്നു ബൈക്കുകള്‍ മുന്‍പ് സൂക്ഷിച്ചിരുന്നത്. ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ഭാഗമായി കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള മിനി പാര്‍ക്ക് ഒരുക്കിയിട്ടുള്ളതിനാല്‍ പോലീസ് സ്റ്റേഷന് വളപ്പ് എപ്പോഴും ക്ലീനായിരിക്കും. ഇതേത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്ത മുഴുവന്‍ വാഹനങ്ങളും സ്റ്റേഷന്റെ വടക്കുവശത്തെ ഗ്രൗണ്ടിലേക്ക് മാറ്റിയിട്ടുള്ളത്.
മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കിയതിനുശേഷമാണ് ഇരുചക്രവാഹനങ്ങള്‍ ഭംഗിയായി അടുക്കി വച്ചിട്ടുളളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടികൂടിയ വാഹനങ്ങള്‍വരെ വിവിധ സ്റ്റേഷന് കോമ്പൗണ്ടുകളില്‍ തുരുമ്പെടുത്ത് കിടക്കുകയാണ്.
പലതും ഇനി ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. കേസില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ വിലകെട്ടി കൊണ്ടുപോകാന്‍ ഉടമസ്ഥര്‍ പിന്നീട് ശ്രമിക്കാറില്ല. പഴകിയ വാഹനങ്ങള്‍ക്കായി ആരും വരാറുമില്ല. ഇതാണ് സ്റ്റേഷനിലെ സ്ഥലം മുടക്കിയായി വാഹനങ്ങള്‍ കെട്ടിക്കിടക്കാന്‍ കാരണമാകുന്നത്