നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് നേരിട്ടു നല്‍കണം: കൊടിക്കുന്നില്‍ സുരേഷ് എംപി
1531746
Tuesday, March 11, 2025 12:04 AM IST
ആലപ്പുഴ: കേരളത്തിലെ നെല്‍ക്കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില പിആര്‍എസ് വായ്പയായി നല്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
നെല്കര്ഷകരില്നിന്നു നെല്ല് സംഭരിച്ചതിനുശേഷം അതിന്റെ വില മാസങ്ങള്‍ക്കുശേഷം പിആര്‍എസ് വായ്പയായി നല്കുന്ന തുക സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കാതെ വരുന്നതുമൂലം കര്‍ഷകരുടെ സിബില്‍ സ്കോര്‍ താഴ്ന്ന് കടക്കാരാവുകയും കര്‍ഷകര്‍ക്ക് മറ്റ് ആവശ്യങ്ങള്‍ക്ക് ലോണ്‍ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യവുമാണ് നിലവിലുള്ളത്.
കേരളത്തിലെ കുട്ടനാട്, അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നെല്‍കര്‍ഷകരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ഇത്തരം അവഗണനങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണം.
അശാസ്ത്രീയവും അപരിഷ്കൃതവുമായ പിആര്‍എസ് വായ്പയ്ക്ക് പകരം കര്‍ഷകരില്‍നിന്നു നെല്ല് സംഭരിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്കുന്ന സമ്പ്രദായമാണ് വേണ്ടത്.
കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില വര്‍ധിക്കുമ്പോഴൊക്കെ സംസ്ഥാന സര്‍ക്കാര്‍ ആനുപാതികമായി സംസ്ഥാന വിഹിതം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം കര്‍ഷകര്‍ക്ക് ഉയര്‍ന്ന താങ്ങുവിലയുടെ ആനുകൂല്യം ലഭിക്കുന്നുമില്ല.
നെല്‍ക്കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്ന തരത്തില്‍ പിആര്‍എസ് വായ്പ ഒഴിവാക്കി സംഭരിക്കുന്ന നെല്ലിന്റെ വില കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമായി നല്‍കുന്നതിന് ആവശ്യമായ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിആവശ്യപ്പെട്ടു.