ചൂട് കനത്തതോടെ തീരദേശത്തെ പൊഴികൾ വറ്റിവരണ്ടു
1531745
Tuesday, March 11, 2025 12:04 AM IST
അമ്പലപ്പുഴ: ചൂട് കനത്തതോടെ തീരദേശത്തെ പൊഴികൾ വറ്റിവരണ്ടു. നീരൊഴുക്ക് ഇല്ലാതായതോടെ പൊഴികളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ മുകളിൽ പൊങ്ങിത്തുടങ്ങി. ജില്ലയുടെ തെക്ക് ആറാട്ടുപുഴയ്ക്കും വടക്ക് പള്ളിത്തോടിനുമിടയിൽ തീരദേശത്ത് കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന നൂറുകണക്കിന് പൊഴികളാണുള്ളത്.
പൂമീൻ പൊഴി, വാടയ്ക്കൽ അറപ്പപ്പൊഴി, തീരദേശ റോഡുവഴി ആലപ്പുഴ ബീച്ചിലേക്കു പോകുന്ന വാടപ്പൊഴി, പുന്നപ്ര തെക്ക് ഒന്നാം വാർഡ് സമരഭൂമിയിലെ വാവക്കാട്ട് പൊഴി, ചെത്തി ചേന്നവേലി പൊഴി അടക്കം നിരവധി തണ്ണീർത്തടങ്ങളാണ് കടലിലേക്ക് ഒഴുകുന്നത്.
കത്തുന്ന വേനലിൽ പൊഴികൾ വറ്റിവരണ്ടതോടെ മത്സ്യബന്ധനം കഴിഞ്ഞ് വള്ളങ്ങൾ നങ്കൂ രമിടാൻ പറ്റാത്ത സ്ഥിതിയാണ്. കടലിലേക്കുള്ള നീരൊഴുക്കും തടസപ്പെട്ടു. പൊഴിയിലെ മാലിന്യം മേൽത്തട്ടിൽ അടിഞ്ഞതോടെ പ്രദേശവാസികൾക്ക് അസഹ്യമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. ഏറെ ടൂറിസം സാധ്യതയുള്ള പൊഴികൾക്ക് ആഴം കൂട്ടി സംരക്ഷിക്കണമെന്ന തീരദേശ വാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ പരിഹാരമായില്ല.