സാരിക്ക് തീ പിടിച്ചപ്പോൾ ഭയന്നോടിയ പാചകത്തൊഴിലാളി തലയടിച്ചുവീണ് മരിച്ചു
1531755
Tuesday, March 11, 2025 12:04 AM IST
ആലപ്പുഴ: സ്കൂളില്‍ പാചകം ചെയ്യുന്നതിനിടയില്‍ സാരിക്ക് തീ പിടിച്ച് പാചക തൊഴിലാളി സ്ത്രീ മരിച്ചു. കൈനടിയില്‍ സ്കൂളിലുണ്ടായ അപകടത്തിലാണ് പാചകത്തൊഴിലാളി മരിച്ചത്. കിഴക്കേ ചേന്നങ്കരി സെന്റ് ആന്റണീസ് എല്‍പി സ്കൂളിലെ താത്കാലിക തൊഴിലാളി മേരി (65) ആണ് മരിച്ചത്.
ഇന്നലെ സ്കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചപ്പോള്‍ ഭയന്നോടിയ മേരി തലയടിച്ച് വീണാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12.45 ഓടെ കുട്ടികള്‍ ഭക്ഷണത്തിനായി പാചകപ്പുരയില്‍ എത്തിയപ്പോഴാണ് മേരി തറയില്‍ വീണുകിടക്കുന്നത് കണ്ടത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.