മാലിന്യം തള്ളുന്നതിനെതിരേ പരാതി
1531172
Sunday, March 9, 2025 3:02 AM IST
തുറവൂർ: പള്ളിത്തോട്-ചാവടി റോഡിന്റെ ഇരുവശങ്ങളിൽ തള്ളിയിരിക്കുന്ന മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും വീണ്ടും മാലിന്യങ്ങൾ തള്ളാതിരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ ലീഗൽ സെല്ലിൽ പാരാതി നൽകി. തുറവൂർ, കുത്തിയതോട് പഞ്ചായത്ത് സെക്രട്ടറിമാരെയും കുത്തിയതോട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെയും എതിർ കക്ഷികളാക്കിയാണ് കേരള ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വിജയ് കുമാർ വാലയിൽ പരാതി നൽകിയത്.
പള്ളിത്തോട് ചാവടി റോഡിന്റെ വശങ്ങളിലാണ് വൻതോതിൽ മാലിന്യങ്ങൾ തള്ളുന്നത്. ഇറച്ചിക്കടകളിലെയും കോഴിക്കടകളിലെയും മാലിന്യങ്ങൾ തള്ളുന്നത് കുടാതെ ഇപ്പോൾ പ്ലസ്റ്റിക്, പേപ്പർ മാലിന്യങ്ങളും വൻതോതിലാണ് ഈ റോഡിന്റെ വശങ്ങളിലുള്ള തോടുകളിൽ തള്ളുന്നത്. രാത്രിയുടെ മറവിലാണ് ഇത്തരത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. നിരവധി പരാതികൾ ഉണ്ടായിട്ടും പോലീസും കുത്തിയതോട് ,തുറവൂർ പഞ്ചായത്ത് അധികൃതരും യാതൊരു ന ട പ ടി യും സ്വികരിക്കത്തത് ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നതായും ആക്ഷേപമുണ്ട്.
ജനകീയ സമരങ്ങളെ തുടർന്ന് മാളികത്തറ ഭാഗത്ത് ഒരു കാമറാ സ്ഥാപിച്ചെങ്കിലും ഇത് ഉപയോഗശൂന്യമായ നിലയിലാണ്. ചാവടി പടിഞ്ഞാറു ഭാഗത്ത് പ്രവർത്തിക്കുന്ന മത്സൃ സംസ്കരണ ശാലയുടെ മുൻഭാഗത്തോ, വാഹനങ്ങൾ നന്നാക്കുന്നവർ ഷോപ്പി മുമ്പിലോ കാമറ വയ്ക്കുകയും ഇത് പരിശോധിച്ച് വാഹനങ്ങൾ പിടികൂടുകയും ചെയ്താൽ റോഡിന്റെ വശങ്ങളിൽ മാലിന്യം തള്ളുന്നത് നിയന്ത്രിക്കുവാൻ സാധിക്കും. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും കോഴിക്കടയിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി തോട്ടിൽക്കൊണ്ടു വന്ന് തള്ളുന്നത് വൻ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ പള്ളിത്തോട് ചാവടി റോഡിന്റെ ഇരുവശങ്ങളിലും വൻതോതിൽ മാലിന്യം തള്ളിയിരിക്കുന്നത്. അസഹനിയമായ ദുർഗന്ധമാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നത്. പ്രദേശവാസികൾ മാരകരോഗങ്ങളുടെ ഭീതിയിലാണ്. തോടുകളിലെ ഇറച്ചിമാലിന്യങ്ങളും മറ്റു മാലിന്യങ്ങളും നീക്കി ശുദ്ധീകരിക്കുവാനുള്ള അടിയന്തര നടപടി പഞ്ചായത്തധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.