കനാല്‍വെള്ളം കയറി കൃഷിനശിച്ചു ; പെരുവേലിച്ചാല്‍ പുഞ്ചയിലെ കർഷകർ ആശങ്കയിൽ
1514858
Sunday, February 16, 2025 11:53 PM IST
ചാരുംമൂട്: ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെടുന്ന പെരുവേലിച്ചാല്‍ പുഞ്ചയിലെ നെല്‍ക്കൃഷി കനാല്‍വെള്ളം കയറിനശിച്ചു. നൂറനാട്, ചുനക്കര പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന പുലിമേല്‍ ഭാഗത്തും ബണ്ടുറോഡിന്റെ ഇരുവശങ്ങളിലും വെള്ളം നിറഞ്ഞുകിടക്കുകയാണ്. കൃഷിയിറക്കിയ 250 ഏക്കര്‍ സ്ഥലവും വെള്ളത്തിനടിയിലാണ്. കെഐപി, പിഐപി കനാലുകള്‍ തുറന്നുവിട്ടതിനെത്തുടര്‍ന്നാണ് പാടശേഖരം മുഴുവന്‍ വെള്ളം നിറഞ്ഞത്.
പുഞ്ചയിലേക്കുള്ള വെള്ളത്തെ നിയന്ത്രിച്ചു നിര്‍ത്തുന്ന പുറംബണ്ട് തകര്‍ന്നതാണ് വെള്ളത്തിന്റെ ഒഴുക്ക് പാടശേഖരങ്ങളിലേക്ക് എത്താന്‍ കാരണം.
പുറംബണ്ട് ആഴംകൂട്ടി ബലപ്പെടുത്തണമെന്നാവശ്യം നെല്‍കര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. കര്‍ഷകര്‍ക്ക് കൃഷിഭവന്‍വഴി വിതരണം ചെയ്ത നെല്‍വിത്ത് ഗുണമേന്മ ഇല്ലാത്തതായതിനാല്‍ വെളിയില്‍ നിന്നു വിത്തുവാങ്ങി ഇക്കുറി കൃഷിയിറക്കുകയായിരുന്നു. വിത്ത് വാങ്ങിയ വകയില്‍ മുടക്കിയ പണം കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല. വെള്ളം വറ്റിക്കുന്നതിനായി 30ഉം 50ഉം കുതിരശക്തിയുള്ള മോട്ടോറുകള്‍ പുഞ്ചയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര വെള്ളം അച്ചന് കോവിലാറ്റിലേക്ക് ഒഴുക്കുവിടാന് കഴിയുന്നില്ല.
കൂടുതല്‍ പമ്പുകള്‍ സ്ഥാപിച്ച് വെള്ളം വറ്റിക്കണമെന്നാണ് കര്‍ഷരുടെ ആവശ്യം. വെള്ളം കയറി കിടക്കുന്നതിനാല്‍ ഞാറ് പാകാന്‍ പറ്റാത്ത അവസ്ഥയിലാണ് ബണ്ടുറോഡിന്റെ വടക്കുഭാഗത്തുള്ള പാടശേഖരം.
പുഞ്ചയിലെ വരിനെല്ല് നശിപ്പിക്കാന്‍ കൃഷിഭവന്റെ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരില്‍ പലരും കടക്കെണിയിലാണെന്നും അവര്‍ കൃഷി ഉപേക്ഷിക്കാനുള്ള തയാറെടുപ്പിലാണെന്നും നെല്ലുത്പാദന സമിതി, പാടശേഖരസമിതി ഭാരവാഹികള്‍ പറഞ്ഞു.