ചേര്‍ത്തലയിലെ യുവതിയുടെ മരണം; റിമാന്‍ഡിലായ പ്രതിയെ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍
1514202
Saturday, February 15, 2025 12:08 AM IST
ചേര്‍ത്തല: ചേര്‍ത്തലയില്‍ നടന്ന വീട്ടമ്മയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സോണിയെ പോലീസ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡിലായ പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് ചേര്‍ത്തല കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.
ചേര്‍ത്തല നഗരസഭ 29-ാം വാര്‍ഡ് പണ്ടകശാലാപ്പറമ്പില് സജി(46)യുടെ മരണത്തിലാണ് ഭര്‍ത്താവ് സോണി അറസ്റ്റിലായത്. അമ്മയുടെ മരണം അച്ഛന്റെ ആക്രമണത്തെതുടര്ന്നാണെന്ന മകള്‍ മീഷ്മ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സോണിക്കെതിരേ കേസെടുത്തത്. തലയ്ക്കു പരിക്കുകളോടെ ജനുവരി എട്ടിനാണ് സജിയെ ഭര്‍ത്താവും മകള്‍ മീഷ്മയും ചേര്‍ന്ന് ആദ്യം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചത്. പരിക്കിനു കാരണം വീട്ടിലെ കോണിപ്പടിയില്‍നിന്നു വീണതെന്നാണ് ആശുപത്രിയില്‍ അറിയിച്ചിരുന്നത്.
ഒരുമാസം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്ന സജി ഒമ്പതിന് രാവിലെ 7.30നാണ് മരിച്ചത്. സജിയുടെ സംസ്കാരം അന്നേദിവസം വൈകുന്നേരം തന്നെ ചേര്‍ത്തല മുട്ടം പള്ളിയില്‍ നടത്തിയിരുന്നു. അച്ചന് സോണി മകളെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീട് മകള്‍ മീഷ്മ അച്ചന് സോണിക്കെതിരേ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതേതുടര്‍ന്ന് കല്ലറയില്‍നിന്നു പുറത്തെടുത്ത് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മകളുടെ മൊഴി ശരിവയ്ക്കുന്നതായിരുന്നു. തലയിലേറ്റ പരിക്കിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍ സോണി മകള്‍ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ പോലീസിനുമുന്നില്‍ സമ്മതിച്ചതായാണ് വിവരം. ഭാരതീയ ന്യായ സംഹിത 105-ാം വകുപ്പു പ്രകാരം നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.