പൊതുവിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താത്ത ഓഫീസുകള്‍ക്കു പിടിവീഴും
1514197
Saturday, February 15, 2025 12:08 AM IST
ആലപ്പുഴ: സുപ്രീംകോടതിയുടെ നിർദേശപ്രകാരം പൊതുവിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താത്ത ഓഫീസുകളില്‍ വിവരാവകാശ കമ്മീഷണര്‍ നേരിട്ടെത്തി പരിശോധിക്കുമെന്നും വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഓഫീസുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന് പറഞ്ഞു.
എല്ലാ ഓഫീസുകളും പരിശോധനയ്ക്ക് സജ്ജമായിരിക്കണമെന്നും വിവരം ലഭ്യമല്ല എന്ന മറുപടി സ്വീകരിക്കില്ലെന്നും കമ്മീഷന് വ്യക്തമാക്കി. ആലപ്പുഴ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വിവരാവകാശ കമ്മീഷന് അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട വിവരങ്ങള്‍ ഒരുപാധിയും കൂടാതെ ലഭ്യമാക്കേണ്ടതാണെന്നും കമ്മീ ഷണര്‍ ചൂണ്ടിക്കാട്ടി.
റവന്യുവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശിശുക്ഷേമ സമിതി, മോട്ടോര്‍ വാഹന വകുപ്പ് ഉള്‍പ്പെടെയുള്ള ജില്ലയിലെ വിവിധ ഓഫീസ് പ്രതിനിധികള്‍ അദാലത്തില്‍ പങ്കെടുത്തു. അദാലത്തില്‍ പരിഗണിച്ച 10 പരാതികളും തീര്‍പ്പാക്കി.
ചേര്‍ത്തല ആര്‍ടിഒ ഓഫീസ് 2005ല്‍ നല്കിയ ലേണേഴ്സ് ലൈസന്‍സ് പകര്പ്പിനുവേണ്ടിയുള്ള അപേക്ഷയില്‍ മറുപടി നല്‍കാത്ത സംഭവത്തില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനു മുമ്പുള്ള രേഖയായതുകൊണ്ട് രേഖകള്‍ കാണുന്നില്ല എന്നായിരുന്നു അപേക്ഷകന് ലഭിച്ച മറുപടി.
എന്നാല്‍, ഒരു സംഘത്തെ നിയോഗിച്ച് രേഖകള്‍ കണ്ടെത്തി നല്‍കണമെന്ന് ആര്‍ടിഒ ഉദ്യോഗസ്ഥന് കമ്മീഷണര്‍ നിര്‍ദേശം നല്കി. കൂടാതെ ശിശുക്ഷേമ സമിതിയില്‍നിന്ന് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല എന്ന പരാതിയില്‍ ഏഴു ദിവസത്തിനകം അപേക്ഷകനുവേണ്ട രേഖകള്‍ നല്‍കാനും കമ്മീഷന് നിര്‍ദേശിച്ചു.
വിവരാവകാശ കമ്മീഷണറുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ അപ്പീലുകള്‍ തീര്‍പ്പാക്കി വരുകയാണെന്നും താലൂക്ക് തലത്തില്‍ വര്ക്ഷോപ്പുകള് സംഘടിപ്പിക്കുന്നതായും കമ്മീഷണര്‍ പറഞ്ഞു.
കൂടാതെ പരിശോധനകളും നടത്തുന്നുണ്ട്. കമ്മീഷന്റെ ഇത്തരം ഇടപെടലുകളിലൂടെ ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ വ്യക്തമായും കൃത്യതയോടെയും ഉദ്യോഗസ്ഥര്‍ക്ക് നല്കാന് കഴിയുന്നുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.