കാപ്പാ ചുമത്തി കൊലക്കേസ് പ്രതിയെ തടങ്കലിലാക്കി
1514194
Saturday, February 15, 2025 12:08 AM IST
കായംകുളം: കാപ്പാ നിയമപ്രകാരം കൊലക്കേസ് പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പ്രതിയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് ചന്ദ്രാലയം വീട്ടിൽ താളവട്ടം ഉണ്ണി എന്ന് വിളിക്കുന്ന അമിതാബ് ചന്ദ്രനെ(39) യാണ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.
2023ൽ കാപ്പിൽ കുറ്റിപ്പുറം ജംഗ്ഷനിൽ പുതുപ്പള്ളി സ്വദേശിയായ അമ്പാടി എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ അമിതാബ് ചന്ദ്രൻ സുഹൃത്ത് ഹാരി ജോണുമായി ചേർന്ന് വ്യാജമദ്യ കച്ചവടം നടത്തി വരവേ കഴിഞ്ഞ ഒക്ടോബറിൽ 110 ലിറ്റർ വ്യാജമദ്യവുമായി കരുനാഗപ്പള്ളി എക്സൈസിന്റെ പിടിയിലായിരുന്നു. ഈ കേസുകൾ കൂടാതെ കായംകുളം പോലീസ് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളിലും പ്രതിയാണ് അമിതാബ് ചന്ദ്രൻ. കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ടതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി നൽകിയ ശുപാർശ അംഗീകരിച്ചാണ് കളക്ടർ അലക്സ് വർഗീസ് അമിതാബ് ചന്ദ്രനെതിരേ ആറുമാസക്കാലത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
വരും ദിവസങ്ങളിൽ കാപ്പാ നിയമപ്രകാരം സാമൂഹിക വിരുദ്ധർക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് കായംകുളം പോലീസ് അറിയിച്ചു.