തഴക്കര പഞ്ചായത്ത് ബജറ്റ്; മാലിന്യനിർമാർജനത്തിന് ഒരുകോടിയുടെ പദ്ധതി
1514192
Saturday, February 15, 2025 12:08 AM IST
മാങ്കാംകുഴി: കിടപ്പുരോഗികളും കുട്ടികളും ഉപയോഗിക്കുന്ന ഡയപ്പർ ഉറവിടത്തിൽനിന്നു ശേഖരിച്ച് സംസ്കരിക്കുന്നതിന് ഡയപ്പർ വേസ്റ്റ് ഇൻസിനേറ്റർ സ്ഥാപിക്കുന്നതുൾപ്പെടെ മാലിന്യനിർമാർജനത്തിനായി ഒരു കോടി രൂപയുടെ പദ്ധതിയുമായി തഴക്കര പഞ്ചായത്ത് 2025-26 വര്ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് അംബിക സത്യനേശന് അവതരിപ്പിച്ചു. സംസ്ഥാനത്ത് രണ്ടാമത്തേതും ജില്ലയിൽ ആദ്യത്തേതുമായ ബജറ്റാണ് പഞ്ചായത്ത് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അധ്യക്ഷത വഹിച്ചു.
410514657 രൂപ വരവും 403712500 രൂപ ചെലവും 6802157 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. സേവന മേഖലയ്ക്ക് ഊന്നൽ നൽകി 18 കോടി 57 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഉത്പാദന മേഖലയിൽ കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി 1.68 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണം, ക്ഷീര വികസന മേഖല എന്നിവയ്ക്കായി 2.87 കോടി വകയിരുത്തിയിട്ടുണ്ട്.
പശ്ചാത്തല മേഖലയിൽ റോഡുകളുടെ നവീകരണത്തിന് 3. 70 കോടി രൂപ വകയിരുത്തിയിട്ടുണ്ട് . ലൈഫ് ഭവന നിർമാണ പുനരുദ്ധാരണമേഖലയിൽ ഹഡ് കോ വായ്പ അടക്കം 7.60 കോടി രൂപ വകയിരുത്തി. പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 1.55 കോടി വകയിരുത്തിയിട്ടുണ്ട്.
വൃദ്ധർ, ഭിന്നശേഷി, അതിദരിദ്രരുടെ പുനരധിവാസം പദ്ധതികൾക്കായി 56 ലക്ഷം രൂപയും ആരോഗ്യ മേഖലയിൽ ഒരുകോടിയിലധികം തുകയും വകയിരുത്തി അർബുദ- ഡയാലിസിസ് രോഗബാധിതർക്ക് ഒരു കൈതാങ്ങ് എന്ന നിലയിൽ ബജറ്റിൽ പ്രത്യേകം തുകയും വകയിരുത്തിയിട്ടുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 1 .32 കോടി വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് സ്റ്റേഡിയ നവീകരണം ഓപ്പൺ ഹാപ്പിനസ് പാർക്ക് സ്ഥാപിക്കൽ എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.
ലൈഫ് ഭവന പദ്ധതിയിലൂടെ എല്ലാവർക്കും വീട് മാലിന്യനിർമാർജനത്തിനായി ശുചിത്വ ഗേഹം പദ്ധതി എല്ലായിടത്തും വെളിച്ചം എത്തുന്നതിനായി ഗ്രാമ നിലാവ് പദ്ധതി എന്നീ പദ്ധതികൾക്ക് ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.