കെട്ടിട നിര്‍മാണ ഫീസ്; അധികത്തുക അപേക്ഷകര്‍ക്ക് തിരികെ നല്‍കും
1514191
Saturday, February 15, 2025 12:08 AM IST
ആലപ്പുഴ: നഗരസഭ കെട്ടിടനിര്‍മാണ അനുമതി ഫീസ്, ക്രമവത് കരണ ഫീസ്, അപേക്ഷ ഫീസ് എന്നിവ 2024 ഓഗസ്റ്റ് ഒന്നുമുതല്‍ കുറവുവരുത്തിയ സാഹചര്യത്തില്‍ 2023 ഏപ്രില്‍ 10 മുതല്‍ വാങ്ങിയ ഫീസില്‍നിന്നും ഉത്തരവ് പ്രകാരം അധികരിച്ചു വാങ്ങിയ തുക അപേക്ഷ നല്കുന്ന മുറയ്ക്ക് അപേക്ഷകര്‍ക്ക് മാര്‍ച്ച് 31 നകം തിരികെ നല്‍കുന്നതിനോ, താത്പര്യാര്‍ഥം വസ്തു നികുതിയില്‍ വരവ് വച്ച് ക്രമീകരിക്കുന്നതിനും തീരുമാനിച്ചു.
നഗരത്തിലെ മുഴുവന്‍ വീടുകളിലും സൗജന്യ കുടിവെള്ള കണക്ഷന് നല്കുന്ന പദ്ധതി പൂര്‍ത്തിയായി വരുന്ന സാഹചര്യത്തില്‍ നഗരത്തിലെ 2644 പൊതു ടാപ്പുകളില്‍ 1479 എണ്ണം പ്രാഥമികമായി ഒഴിവാക്കാന്‍ തീരുമാനിച്ചു. അടിയന്തരമായി അമൃത് കുടിവെള്ള കണക്ഷന് പദ്ധതി പൂര്‍ത്തിയാക്കി അടിയന്തര പ്രാധാന്യമുള്ളത് ഒഴികെയുള്ള പൊതു ടാപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
ആരോഗ്യവിഭാഗം കണ്ടിജന്റ് ജീവനക്കാരില്‍ 2009ല്‍ ജോലിയില്‍ പ്രവേശിച്ച് 22 വര്‍ഷം പൂര്‍ത്തിയാക്കിയ 18 തൊഴിലാളികള്‍ക്ക് 22 വര്‍ഷത്തെ ഗ്രേഡ് അനുവദിച്ച് നല്‍കുന്നതിന് തീരുമാനിച്ചു.
കാഞ്ഞിരംചിറ മത്സ്യമാര്‍ക്കറ്റ്, ലോറി സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഫീസ് പിരിവ്, ബീച്ച്, വഴിച്ചേരി എന്നിവിടങ്ങളിലെ ശുചിമുറി സമുച്ചയങ്ങള്‍, വിവിധ ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞ കടമുറികള്‍, കടത്ത് സര്‍വീസുകള്‍ എന്നിവ 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ പ്രകാരം ലേലം നടത്തുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു.
നഗരസഭ കെട്ടിട നികുതി പിഴപ്പലിശ ഒഴിവാക്കി അടയ്ക്കുന്നതിന് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 15 വരെ 52 വാര്‍ഡുകളിലും പൊതുജന സൗകര്യാര്‍ഥം ക്യാമ്പുകള്‍ നടത്തുന്നതിനും തീരുമാനിച്ചു.
കൗണ്‍സിലില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.എസ.്എം. ഹുസൈന് സ്ഥിരം സമിതി അധ്യക്ഷരായ എം. ആര്. പ്രേം, എ.എസ്. കവിത, ആര്. വിനിത, എം.ജി. സതീദേവി, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സൗമ്യരാജ്, കക്ഷിനേതാക്കളായ റീഗോ രാജു, സലിം മുല്ലാത്ത്, പി. രതീഷ്, കൗണ്‍സിലര്‍മാരായ ബി. മെഹബൂബ്, എല്ജിന് റിച്ചാഡ്, ബി. അജേഷ്, ആര്. രമേഷ്, കൊച്ചുത്രേസ്യാമ്മ ജോസഫ്, സുമ, പി.എസ്. ഫൈസല്‍, സെക്രട്ടറി ഷിബു നാല്‍പ്പാട്ട്, അസി. ഡെപ്യൂട്ടി സെക്രട്ടറി എ. സുരേഷ്, തുടങ്ങിയവര്‍ പ്രിസംഗിച്ചു.