മുഖം മിനുക്കാനൊരുങ്ങി ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്
1514190
Saturday, February 15, 2025 12:08 AM IST
ചെങ്ങന്നൂര്‍: ആറു പതിറ്റാണ്ട് ചെങ്ങന്നൂരിന്റെ തിലകക്കുറിയായ ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസിക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിട സമുച്ചയങ്ങളും അനുബന്ധ സൗകര്യങ്ങളും നിര്‍മിക്കുന്നതിനായി ബസ് സ്റ്റാന്‍ഡ് യാര്‍ഡിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ രേഖപ്പെടുത്തിയ രാഷ്ട്രീയ സമരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കലാപങ്ങള്‍ക്കും യോഗങ്ങള്‍ക്കും സാക്ഷ്യംവഹിച്ചസ്ഥലവും സ്ഥാപനവുമാണ് ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ഗ്യാരേജും പരിസരവും.
സ്വാതന്ത്ര്യസമരത്തില്‍ രേഖപ്പെടുത്തിയ ചെങ്ങന്നൂര്‍ ലഹള നടന്ന മില്‍സ് മൈതാനത്താണ് നിലവിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്. പഴക്കമുള്ള ഓഫീസ് കെട്ടിടങ്ങളും എംസി റോഡിന് അഭിമുഖമായ കടമുറികളും കാലപ്പഴക്കത്തെത്തുടര്‍ന്ന് ജീര്‍ണാവസ്ഥയിലായിരുന്നു. 60 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മന്ത്രി സജി ചെറിയാന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പുതിയ കെട്ടിട നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 11.5 കോടി രൂപ അനുവദിച്ചു.
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല. 32,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിട സമുച്ചയമാണ് നിര്‍മാണത്തിനൊരുങ്ങുന്നത്. കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ തുരങ്കപാതയും (സബ് വേ ) ഉണ്ടാകും. സംസ്ഥാനത്ത് ആദ്യമായാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ഇത്തരം പാത നിര്‍മിക്കുന്നത്.
സ്റ്റാന്‍ഡിന്റെ തെക്കു ഭാഗത്ത് ബഥേല്‍ ജംഗ്ഷന്-റെയില്വേസ്റ്റേഷന് റോഡരികില്‍ നാലു നിലകളോടുകൂടിയ മെയിന്‍ ബ്ലോക്കും എതിര്‍ഭാഗത്തായി എംസി റോഡരികില്‍ രണ്ടു നിലകളില്‍ ഫ്രണ്ട് ബ്ലോക്കു മടങ്ങുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടസമുച്ചയമാണ് നിര്‍മിക്കുന്നത്. മെയിന്‍ ബ്ലോക്കിന്റെ നിര്‍മാണമാണ് ആദ്യം ആരംഭിക്കുക. ഈ ബ്ലോക്കിനോട് ചേര്‍ന്ന് എട്ടു ബസുകള്‍ക്ക് ഒരേ സമയം പാര്‍ക്കു ചെയ്യാന്‍ കഴിയും. ശബരിമല തീര്‍ഥാടകര്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപകാരപ്പെടുന്ന നിലയില്‍ ചെറിയ നിരക്കു നല്കി ഉപയോഗിക്കാവുന്ന ഡോര്‍മെറ്ററികള്‍ ഈ ബ്ലോക്കില്‍ ഉണ്ടാകും.
പ്രധാന ഓഫീസ് ജീവനക്കാരുടെ വിശ്രമമുറികള്‍, ശുചിമുറികള്‍ എന്നിവയും ഇതില്‍ പ്രവര്‍ത്തിക്കും. ഏറ്റവും താഴത്തെ നില കടമുറികള്‍ക്കായി മാറ്റിവയ്ക്കും. നലവിലെ ബസ് സ്റ്റാന്‍ഡിനു സമാന്തരമായാവും രണ്ടാം നില.
ഈ കെട്ടിടത്തില്‍ രണ്ടു ലിഫ് റ്റുകളും സ്റ്റെയറുകളും ഉണ്ടാകും. ഫ്രണ്ട് ബ്ലോക്കിലെ ഇരുവശങ്ങളിലും ബസു കള്‍ക്ക് പാര്‍ക്ക് ചെയ്യാം. എംസി റോഡിനോടു ചേര്‍ന്നുള്ള ഭാഗത്തും കെട്ടിടത്തിന്റെ പുറകുഭാഗത്തും ബസ് പാര്‍ക്കിംഗ് സജ്ജീകരിക്കും. ഈ കെട്ടിടത്തിലും ലിഫ്റ്റ് സജ്ജീകരിക്കും.
ഇരു ബ്ലോക്കുകളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ നാലു മീറ്റര്‍ വീതിയില്‍ തുരങ്കപാതയും (സബ് വേ) നിര്‍മിക്കും. ഈ പാതയുടെ ഇരുവശങ്ങളിലും ചെിയ കടമുറികള്‍ ഉണ്ടാകും. ഫ്രണ്ട് ബ്ലോക്കിന്റെ മേല്‍ക്കൂര നിര്‍മാണം സിംഗപ്പൂര്‍ മാതൃകയിലാണ് വിഭാവനം ചെയ്യുന്നത്.
നിലവില്‍ വര്‍ക്ക്ഷോപ്പ് ഗാരേജ് ഉള്‍ക്കൊള്ളുന്ന കെട്ടിടം നിലനിര്‍ത്തി ഒന്നേകാല്‍ ഏക്കര്‍ വരുന്ന യാര്‍ഡിന്റെ പരമാവധി സ്ഥലവും പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനായി ഏറ്റെടുക്കും.