ആക്രിക്കടയ്ക്ക് തീ പിടിച്ചു: വൻ നാശനഷ്ടം
1513864
Thursday, February 13, 2025 11:51 PM IST
അമ്പലപ്പുഴ: ആക്രിക്കടയ്ക്ക് തീ പിടിച്ചത് ഭീതി പരത്തി. വലിയ നാശ നഷ്ടമുണ്ടെയെങ്കിലും ആര്‍ക്കും പരിക്കില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് കാക്കാഴം തീരദേശ റോഡിന് പടിഞ്ഞാറ് ഭാഗത്തായി അഫ്സലിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആക്രി ക്കടയ്ക്കാണ് തീ പിടിച്ചത്.
സമീപത്തെ ചപ്പുചവറിന് ആരോ തീയിട്ടത് ഇവിടേക്ക് പടര്‍ന്നതാണെന്ന് കരുതുന്നു. അപകടത്തില്‍ ആക്രിക്കടയിലെ മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. ഇവിടെ വച്ചിരുന്ന അജിത്തിന്റെ ഉടമസ്ഥതയിലുള്ള വള്ളവും കത്തിനശിച്ചു. ആറോളം തൊഴിലാളികള്‍ ജോലിക്കു പോകുന്ന വള്ളമാണിത്. ഇന്നലെ രാവിലെ ജോലിക്കുശേഷം ഇവിടെ കയറ്റിവച്ച വള്ളമാണ് കത്തിനശിച്ചത്. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വള്ളമുടമ പറഞ്ഞു.
വലിയരീതിയില്‍ പുക ഉയര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനും കഴിയാതെയായി. എങ്കിലും പ്രദേശവാസികളും അമ്പലപ്പുഴ പോലീസുമെത്തി തീയണക്കാന്‍ ശ്രമിച്ചു. തകഴി, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്നെത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സാണ് തീ പൂര്‍ണമായും അണച്ചത്. തീ പിടിത്തത്തില്‍ സമീപത്തെ അങ്കണവാടിയുടെ വാട്ടര്‍ ടാങ്കും നിരവധി വീടുകളിലെ വേലിക്കായി ഉപയോഗിച്ച ഷീറ്റുകളും കത്തി നശിച്ചു.