പൈപ്പുപൊട്ടി ദേശീയപാതയ്ക്കരികിലെ വീടുകളിലും കടകളിലും വെള്ളം കയറി
1513863
Thursday, February 13, 2025 11:51 PM IST
അമ്പലപ്പുഴ: ജല അഥോറിറ്റിയുടെ പൈപ്പുപൊട്ടി ദേശീയ പാതയ്ക്കരികിലെ വീടുകളിലും കടകളിലും വെള്ളം കയറി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ദേശീയപാതയുടെ പുതിയ റോഡും പൊട്ടിപ്പൊളിഞ്ഞു. പുന്നപ്ര മിൽമയുടെ കിഴക്കുവശം ഇന്നലെ രാവിലെ 6.30 ഓടെയാണ് റോഡിനടിയിൽ സ്ഥാപിച്ച കൂറ്റൻ പൈപ്പ് പൊട്ടിയത്.
വെള്ളപ്പാച്ചിലിൽ സമീപത്തെ കാനനിറഞ്ഞു വെള്ളം സമീപത്തു കട നടത്തുന്ന കല്ലൂപ്പറമ്പിൽ അനിയുടെ വ്യാപര സ്ഥാപനത്തിലും വീടിനു മുന്നിലും വെള്ളം കയറി.
ഈ ഭാഗത്ത് നിർമണം പൂർത്തിയാക്കിയ റോഡിന്റെ മധ്യഭാഗമാണ് മെറ്റലും ടാറും ഇളകി വിണ്ടുകീറിയത്. പിന്നീട് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വാട്ടർ അഥോറിറ്റിയുമായി ബന്ധപ്പെട്ട തൊഴിലാളികളെത്തി പൊട്ടിയ ഭാഗത്തെ അറ്റകുറ്റപ്പണി നടത്തിയാണ് വെള്ള പാച്ചിൽ തടഞ്ഞത്.
വേനൽ കടുത്തതോടെ പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പോഴും ദേശിയപാത നിർമാണവുമായി ബന്ധപ്പെട്ടു പൈപ്പ് പൊട്ടൽ സ്ഥിരം കാഴ്ചയാണ്.