പ്രായം വെറും നമ്പര്‍ മാത്രം; ഹോപ്പ് കമ്യൂണിറ്റി വില്ലേജിനായി കൊച്ചി മാരത്തണില്‍ ഓടി യുകെ വനിത
1513861
Thursday, February 13, 2025 11:51 PM IST
ആലപ്പുഴ: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ ശ്രദ്ധനേടി ഇംഗ്ലണ്ടില്‍നിന്നുള്ള 76കാരി. ഡോ. ഷെറില്‍ ബെറിയാണ് പ്രായം മറന്ന് കൊച്ചിക്കൊപ്പം ഓടാനായി മൂന്നാമത് കൊച്ചി മാരത്തണിന്റെ ഭാഗമായത്. ഈ പ്രായത്തിലും ലോകമെമ്പാടുമുള്ള മാരത്തണില്‍ പങ്കെടുക്കാന്‍ കാരണമെന്താണെന്ന് ചോദിച്ചാല്‍ ഷെറിലിന് ഉത്തരം ഒന്നേയുള്ളു- ആലപ്പുഴ കഞ്ഞിക്കുഴിയിലെ ഹോപ്പ് കമ്യൂണിറ്റി വില്ലേജ്.
ഹോപ്പ് കമ്യൂണിറ്റി വില്ലേജിന്റെ പ്രചാരണാര്‍ഥമാണ് പങ്കെടുക്കുന്നത്. ചൂട് നിറഞ്ഞ കാലാവസ്ഥയാണെങ്കിലും ദിവസേനയുള്ള പരിശീലനം കാലാവസ്ഥയെ അതിജീവിക്കാന്‍ സഹായിച്ചതായി ഷെറില്‍ പറഞ്ഞു. എനിക്കൊപ്പം ഹോപ്പില്‍ നിന്നും പത്ത് കുട്ടികള്‍ക്കൂടി ഓടാന്‍ എത്തിയിട്ടുണ്ട്- ഷെറിലിന് പറഞ്ഞു.
കൊച്ചിയുടെ ഹൃദയഭാഗത്ത് ഓടാനായതിന്റെ ത്രില്ലിലായിരുന്നു ഹോപ്പിലെ കുട്ടികള്‍. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കെടുക്കാനായി മൂന്നാഴ്ച നീണ്ട പരിശീലനവും ഹോപ്പില്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു.
പഠനത്തോടൊപ്പം കായിക പരിശീലനവും അനിവാര്യമാണെന്നാണ് ഷെറിലിന്റെ അഭിപ്രായം. ഹോപ്പിലെ കുട്ടികള്‍ക്ക് ഫുട്ബോളാണ് പ്രിയ കായിക വിനോദം. വരും നാളുകളില്‍ കൂടുതല്‍ മാരത്തണില്‍ പങ്കെടുക്കുകയെന്നതാണ് ഷെറിലിന്റെ ലക്ഷ്യം.