ഭരണിക്കാവ് -മുണ്ടക്കയം ദേശീയപാത 183 വികസനം : 2600 കോടിയുടെ എസ്റ്റിമേറ്റിന് അംഗീകാരം
1513860
Thursday, February 13, 2025 11:51 PM IST
ചാരുംമൂട്: ഭരണിക്കാവ് -മുണ്ടക്കയം ദേശീയപാത 183 വികസനത്തിന് 2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. കൊല്ലം ജില്ലയിലെ ഭരണിക്കാവിൽനിന്നു പത്തനംതിട്ട, അടൂർ, തട്ട, വടശേരിക്കര, ളാഹ, എരുമേലി, പുലിക്കുന്ന് വഴി മുണ്ടക്കയത്ത് ദേശീയപാത 183ൽ ചേരുന്ന തരത്തിലാണ് അലൈൻമെന്റ്. 24 മീറ്റർ വീതിയിൽ 116.8 കിലോമീറ്റർ റോഡ് ആണ് വികസിപ്പിക്കുന്നത്.
അതേസമയം, ഭരണിക്കാവിൽനിന്ന് ആഞ്ഞിലിമൂട് വഴി കരുനാഗപ്പള്ളിയിലേക്ക് പാത നീട്ടുന്നതിനുള്ള ആവശ്യവും കേന്ദ്ര ഹൈവേ ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് മുൻപാകെ ഉന്നയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. ഈ പാതയുടെ അനുബന്ധ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയപാതയായ 66ൽ, കരുനാഗപ്പള്ളിയിൽനിന്ന് 183 എ പാത ആരംഭിക്കണമെന്ന ആവശ്യം മന്ത്രാലയം അനുകൂലമായി പരിഗണിച്ചു.
നിലവിൽ 10,000ത്തിലധികം ദിവസേന കടന്നുപോകുന്ന ഈ പാതയുടെ വിപുലീകരണം നടപ്പിലാകുന്നുവെങ്കിൽ, കൊട്ടാരക്കര, കുണ്ടറ, കുന്നത്തൂർ, ശാസ്താംകോട്ട, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലെ യാത്രക്കാർക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കാനാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.