ഓരുവെള്ള ഭീഷണി: നിയമസഭയില്‍ സബ്മിഷനുമായി എച്ച്. സലാം എംഎല്‍എ
1513859
Thursday, February 13, 2025 11:51 PM IST
അമ്പലപ്പുഴ: ഓരുവെള്ളത്തില്നിന്നും കൃഷിക്കാരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിയമസഭയില്‍ എച്ച്. സലാം എംഎല്‍എ ആവശ്യപ്പെട്ടു. കുട്ടനാട് അപ്പര്‍ കുട്ടനാട് കാര്‍ഷിക മേഖലയിലെ പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറിയാണ് കൃഷിക്ക് നാശമുണ്ടായത്. എച്ച്. സലാം എംഎല്‍എ നിയമസഭയില്‍ സബ്മിഷനില്‍ ഉന്നയിച്ചു. 60 ശതമാനത്തോളം കൃഷിക്ക് നാശമുണ്ടാകും വിധം ഒന്നുമുതല്‍ 6.7 ശതമാനം വരെ ലവണാംശം പാടശേഖരങ്ങളിലും തോടുകളിലും നീര്‍ച്ചാലുകളിലും കയറിയിരിക്കുകയാണ്.
പുറക്കാട്, അമ്പലപ്പുഴ, പുന്നപ്ര, പള്ളാത്തുരുത്തി എന്നിവിടങ്ങളിലും പുന്നമട, കുട്ടനാട് മേഖലകളിലെ 82 പാടശേഖരങ്ങളിലും ഓരുവെള്ളത്തിന്റെ കെടുതി കര്‍ഷകര്‍ അനുഭവിക്കുകയാണ്. 1,22,860 ടണ്‍ നെല്ല് കഴിഞ്ഞവര്‍ഷം പുഞ്ചകൃഷിക്ക് ഉത്പാദിപ്പിച്ച ഇവിടെ ഉത്പാദനം പകുതിയായി കുറയുന്ന സ്ഥിതിയാണ്. 1955ല്‍ നിര്‍മിച്ച തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകളുടെ മുകളിലൂടെ ഓവര്‍ഫ്ളോ ചെയ്ത് പലപ്പോഴും ഉപ്പുവെള്ളം കയറാറുണ്ട്.
ഉപ്പുവെള്ളത്തിന്റെ അളവു കുറച്ച് കൃഷിയെ രക്ഷിക്കാന്‍ മണിയാര്‍ ഡാം തുറന്നുവിട്ട് ശുദ്ധജലം ജലാശയങ്ങളില്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നഷ്ടമുണ്ടായ കര്‍ഷര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും എച്ച്. സലാം ആവശ്യപ്പെട്ടു. 1955ല്‍ നിര്‍മിച്ച തോട്ടപ്പള്ളി സ്പില്‍വേക്കു പകരം പുതിയ സ്പില്‍വേ ഷട്ടറുകള്‍ നിര്‍മിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
മണിയാര്‍ ഡാം തുറന്ന് വെള്ളമെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി പി. പ്രസാദ് സബ്മിഷന് മറുപടി പറഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകളുടെ അറ്റകുറ്റപ്പണിക്ക് 16.11 കോടി രൂപയുടെ ഭരണാനുമതി നല്കിയിട്ടുണ്ടന്നും പുതിയ ഷട്ടറുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സാധ്യതാ പഠനത്തിന് ആവശ്യമായ നടപടി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്വീകരിച്ചതായും മന്ത്രി പി. പ്രസാദ് പറഞ്ഞു.