വിതുമ്പലോടെ ജീവിതാനുഭവങ്ങൾ പങ്കുവച്ച് ആർ.എൽ.വി. രാമകൃഷ്ണൻ
1513858
Thursday, February 13, 2025 11:51 PM IST
കല്ലുമല: കല പഠിക്കണമെന്ന ത്വരയോടെ പട്ടിണിയുടെ വേദനയും ദാരിദ്ര്യത്തിന്റെ രുചിയും കണ്ണുനീരിന്റെ ഉപ്പും മനസില്‍ നിറച്ച് നൃത്തകലയില്‍ ഡോക്ടറേറ്റ് നേടിയ തൃശൂര്‍ കലാമണ്ഡലം അസി. പ്രഫസറും നൃത്ത കലാകാരനുമായ ഡോ. ആര്.എല്‍.വി. രാമകൃഷ്ണന് തന്റെ ജീവിതാനുഭവങ്ങള്‍ വിതുമ്പുന്ന വാക്കുകളില്‍ പങ്കുവച്ചപ്പോള്‍ അത് കോളജ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കണ്ണുകളെ ഈറനണിയിച്ചു.
മാവേലിക്കര കല്ലുമല മാര്‍ ഈവാനിയോസ് കോളജില്‍ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച അര്‍ക്കാഡിയ -2025 ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ജാതിയും കലയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ പഠനകാലത്ത് പുലര്‍ച്ചെയുള്ള ട്രെയിനില്‍ ചാലക്കുടിയില്‍നിന്നു തൃപ്പൂണിത്തുറയിലെ കോളജിലേക്ക് പഠിക്കാന്‍ പോയതും ഭക്ഷണമില്ലാതെ വിശക്കുന്പോൾ കോളജ് കാന്റിനിലെ കഞ്ഞിവെള്ളം കുടിച്ച് വിശപ്പ് അടക്കിയതും അദ്ദേഹം വിവരിച്ചു.
ഇന്നും ആ കഞ്ഞിവെള്ളത്തിന്റെ ഗന്ധം മനസിലുണ്ടെന്ന് രാമകൃഷ്ണന് വിതുമ്പലോടെ പങ്കുവച്ചപ്പോഴാണ് വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരുടെയും കണ്ണുകളെ ഈറനണിയിച്ചത് .
ഇന്ന് ഈ നിലയിലെത്തിയത് അന്തരിച്ച ജ്യേഷ്ഠൻ കലാഭവന്‍ മണിയുടെ പ്രചോദനവും പ്രേരണയും തണലും ലഭിച്ചത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.സി. മത്തായി അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടര്‍ ഡോ. ഗീവര്‍ഗീസ് കൈതവന, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രഫ. റെജി മാത്യു, പ്രഫ. സോമിച്ചന്‍ ബേബി, പ്രഫ. മേഘ സലിം എന്നിവര്‍ പ്രസംഗിച്ചു.