ഷോക്കടിപ്പിച്ച് കൊലപാതകം: പിന്നില്‍ സാമ്പത്തിക ഇടപാടോ?
1513857
Thursday, February 13, 2025 11:51 PM IST
അന്പലപ്പുഴ: ഗൃഹനാഥനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ സാമ്പത്തിക ഇടപാടാണെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.
കൊല്ലപ്പെട്ട ദിനേശനില്‍നിന്നു പെണ്‍സുഹൃത്തായ അശ്വമ്മ പണം വാങ്ങിയിരുന്നതായി നാട്ടുകാരിലും ബന്ധുക്കളിലും ആരോപണമുണ്ട്. ദിനേശന്റെ ഭാര്യ വിദേശത്തായിരുന്നു.
സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ ബഹളം വയ്ക്കുന്നതിനെത്തുടര്ന്ന് മക്കള്‍ ബന്ധുവീട്ടിലായിരുന്നു താമസം. ഇതിനിടെ ഭാര്യ ഉഷയ്ക്ക് വിദേശത്തുവച്ച് രക്തസമ്മര്‍ദം കൂടിയതോടെ ശരീരികമായി തളര്‍ന്നു. നാട്ടിലെത്തിയശേഷം ദിനേശനോടൊപ്പമായിരുന്നു താമസം.
എന്നും മദ്യപിച്ചെത്തി കുടുംബകലഹം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് താന്‍ വീട്ടില്‍നിന്നു ഒഴിയാമെന്നും തനിക്ക് ഓഹരി നല്കിയാല് മതിയെന്നും ദിനേശന് പറഞ്ഞു. ദിനേശന്റെയും ഭാര്യ ഉഷയുടെയും പേരിൽവാങ്ങിയ സ്ഥലത്തുനിന്ന് താമസം മാറുന്നതിനായി ഉഷയുടെ രക്ഷകർത്താക്കൾ പഞ്ചായത്തംഗം രഞ്ജിത്തിന്റെ സാന്നിധ്യത്തിൽ നടത്തിയ മധ്യസ്ഥതയില്‍ ഒന്നര ലക്ഷം രൂപ നൽകാൻ ധാരണയായി.
തുകയും വീട്ടുപകരണങ്ങളുമായി ദിനേശന് പിന്നീട് വാടകയ്ക്കായിരുന്നു താമസം. ശേഷം വീട്ടുകാരുമായി അകന്നായിരുന്നു കഴിഞ്ഞിരുന്നെങ്കിലും അയല്‍വാസിയായ അശ്വമ്മയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഇതിനിടെ അയൽവാസിയായ അശ്വമ്മയുമായി സാമ്പത്തിക ഇടപാടുള്ളതായി ദിനേശൻ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.
സാമ്പത്തിക ഇടപാട് കൊലയ്ക്കു കാരണമായോ എന്നുള്ള തരത്തിലും പോലീസ് അന്വേഷണം നടത്താനാണ് സാധ്യത. വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനലാണ് പോലീസിന് ഇടപെടാനാകാത്തത്. കൊല നടന്ന ദിവസം സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കലാപരിപാടികൾ നടന്നതിനാൽ പ്രദേശവാസികൾ ഉത്സവം കാണാൻ പോയിരുന്നു.
ഈ സമയമാണ് വീട്ടിൽ എത്തിയ ദിനേശനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. അമ്മയുടെ ആണ്‍സുഹൃത്തിനെ കൊന്നൊടുക്കിയ പ്രതി കിരണ്‍ എര്ത്തിടുന്നത് പതിവാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കിരണിന്റെ ഇരുചക്രവാഹനം വീട്ടില്‍ കൊണ്ടുവന്നശേഷം എര്ത്തിടുന്നത് പതിവാണ്. വാഹനം മോഷണം പോകാതിരിക്കാനാണ് എര്ത്തിടുന്നത് എന്നു പറയപ്പെടുന്നു.