ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാളെ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ്ഞാ​ന ആ​ല​പ്പു​ഴ മെ​ഗാ​തൊ​ഴി​ല്‍​മേ​ള​യു​ടെ ഭാ​ഗ​മാ​യി എ​ല്‍ ആ​ന്‍​ഡ് ടി ​ക​മ്പ​നി​യി​ലേ​ക്ക് ന​ട​ത്തി​യ പ്ര​ഥ​മ ഓ​ണ്‍​ലൈ​ന്‍ അ​ഭി​മു​ഖ​ത്തി​ലൂ​ടെ 21 പേ​ര്‍​ക്ക് ജോ​ലി ല​ഭി​ച്ചു. 22 പേ​രാ​ണ് അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ബ്ലോ​ക്കു​ക​ളി​ലെ ജോ​ബ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​ണ് ഇന്നലെ എ​ല്‍ ആ​ന്‍​ഡ് ടി ​ക​മ്പ​നി​യി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ന്ന​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന സി​യ​റ്റ് ക​മ്പ​നി​യി​ലേ​ക്കു​ള്ള അ​ഭി​മു​ഖ​ത്തി​ല്‍ ജോ​ലി ല​ഭി​ച്ച​വ​ര്‍​ക്കു​ള്ള ഓ​ഫ​ര്‍ ലെ​റ്റ​ര്‍ വി​ത​ര​ണ​ച്ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ര​വ​ധി ക​മ്പ​നി​ക​ള്‍​ക്ക് ഏ​റ്റ​വും യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ന​ല്‍​കാ​ന്‍ വി​ജ്ഞാ​ന ആ​ല​പ്പു​ഴ തൊ​ഴി​ല്‍​മേ​ള​യി​ലൂ​ടെ സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. പി.​എ​സ്. ആ​ര്യ, ബി. ​ആ​തി​ര, ആ​ര്യ​പു​ത്രി, ല​ക്ഷ്മി കൃ​ഷ്ണ എ​ന്നി​വ​ര്‍​ക്ക് ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ നേ​രി​ട്ട് ഓ​ഫ​ര്‍ ലെ​റ്റ​ര്‍ ന​ല്‍​കി.

38 പേ​രെ​യാ​ണ് പ്ര​സ്തു​ത അ​ഭി​മു​ഖ​ത്തി​ലൂ​ടെ ക​മ്പ​നി ജോ​ലി​ക്കാ​യി തെര​ഞ്ഞെ​ടു​ത്ത​ത്.