ജാര്‍ഖണ്ഡ് ഉദ്യോഗസ്ഥസംഘം ആലപ്പുഴ ജില്ലാപഞ്ചായത്ത് സന്ദര്‍ശിച്ചു
1513855
Thursday, February 13, 2025 11:51 PM IST
ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ വികസന-ക്ഷേമ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഭരണനിര്‍വഹണവും പഠിക്കാന്‍ ജാര്‍ഖണ്ഡിലെ 24 ജില്ലാ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥ സംഘം ഇന്നലെ ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു. ജാര്‍ഖണ്ഡിലെ ഡിയോഗര്‍ ജില്ലാ പഞ്ചായത്ത് രാജ് ഓഫീസര്‍ രണ്‍ബീര്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ആലപ്പുഴയില്‍ എത്തിയത്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്. ദേവദാസ് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റി ന്റെയും പഞ്ചായത്തംഗങ്ങളുടെയും ചുമതലകള്‍ തുടങ്ങിയവ വിശദീകരിച്ചു.
ജനകീയാസൂത്രണ പദ്ധതി, പഞ്ചായത്ത് രാജ് ആക്ട് തുടങ്ങിയവ പഠിക്കാന്‍ കില സംഘടിപ്പിച്ച എക്സ്പോഷര്‍ വിസിറ്റിന്റെ ഭാഗമായാണ് സംഘം സന്ദര്‍ശനം നടത്തിയത്. ജാര്‍ഖണ്ഡിലെ പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ച് സംഘം വിശദീകരിച്ചു. ക്ഷേമപ്രവര്‍ത്തനങ്ങളും നൂതനാശയങ്ങളും അവതരിപ്പിക്കുന്നതില്‍ ജില്ലാ പഞ്ചായത്തിന്റെ മാതൃക സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതായി സംഘം അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.എസ്. താഹ, എം.വി. പ്രിയ, ജില്ലാ പഞ്ചായത്തംഗങ്ങളായ ആര്. റിയാസ്, ഹേമലത മോഹന്‍, ജെപിസി വി. പ്രദീപ്കുമാര്‍, സീനിയര്‍ സൂപ്രണ്ട് പി.വി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.