കായംകുളം-തൂത്തുക്കുടി ദേശീയപാത തീരദേശവുമായി ബന്ധിപ്പിക്കണമെന്ന്
1513853
Thursday, February 13, 2025 11:51 PM IST
കായംകുളം: കെപി റോഡ്, കായംകുളം-തൂത്തുക്കുടി നാലുവരിപ്പാതയായി വികസിപ്പിക്കുമ്പോള്‍ തീരദേശ റോഡുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കായംകുളം കായലില്‍ കൊച്ചിയുടെ ജെട്ടിയിലെ കായംകുളം ദേശീയ ജലപാത ടെര്‍മിനല്‍, തീരദേശ ഹൈവേ, കായംകുളം ഹാര്‍ബര്‍, എന്‍ടിപിസി എന്നിവയെ പരസ്പരം ബന്ധപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.
സുനാമി ദുരന്തവുമായി ബന്ധപ്പെട്ട് അന്നത്തെ സര്‍ക്കാര്‍ കെപി റോഡിനെ ആറാട്ടുപുഴ പെരുമ്പള്ളിവരെ നീട്ടുന്നത് പുനര്‍നിര്‍മാണ പദ്ധതിയില്‍ പരിഗണിച്ചിരുന്നു. സ്ഥലം ഏറ്റെടുപ്പിലുണ്ടാകാവുന്ന എതിര്‍പ്പ് കാരണമാണ് അന്ന് അതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. നിലവില്‍ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കുന്ന റോഡ് ദേശീയപാത 66മായി ബന്ധിപ്പിക്കുന്നതെങ്ങനെ എന്നതടക്കം ആശങ്ക നിലനില്‍ക്കുകയാണ്. കായംകുളത്തുനിന്ന് ആരംഭിച്ച് ചാരുംമൂട്, അടൂര്‍, പത്തനാപുരം, പുനലൂര്‍ വഴിയാണ് തൂത്തുക്കുടി പാത കടന്നുപോകുക. തൂത്തുക്കുടി, തിരുനെല്‍വേലി, മധുര, രാജപാളയം, തെങ്കാശി എന്നിവിടങ്ങളെ ദേശീയപാത 66-ലേക്ക് പാത നേരിട്ട് ബന്ധിപ്പിക്കുകയാണ് ക്ഷ്യം.
ദേശീയപാത വിഭാഗം നടത്തിയ സര്‍വേയില്‍ വാഹനഗതാഗതം ഉയര്‍ന്ന നിലയിലായതിനാല്‍ കായംകുളം-തൂത്തുക്കുടി റോഡില്‍ പുതുതായി ദേശീയപാതയായി ഉയര്‍ത്തേണ്ട കായംകുളം മുതല്‍ പുനലൂര്‍ വരെയുള്ള 57 കിലോമിറ്റര്‍ ദൂരത്തിന്റെ പ്രാഥമിക സര്‍വേയിലാണ് നാലുവരിപ്പാതയ്ക്കായി പ്രൊപ്പോസല്‍ തയാറാക്കുന്നത്.