സജിയുടെ മരണം കൊലപാതകം ; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍
1513557
Thursday, February 13, 2025 12:02 AM IST
ചേർത്തല: ഞെട്ടലോടെയാണ് സജിയുടെ മരണം കൊലപാതകമാണെന്ന് നാട്ടുകാര്‍ അറിയുന്നത്. ഇന്നലെ തന്നെ സെമിത്തേരിയിലെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കുമെന്നറിഞ്ഞ നാട്ടുകാര്‍ സെമിത്തേരിയിലെക്ക് എത്തിത്തുടങ്ങി. ഉച്ചകഴിഞ്ഞാണ് സബ് കളക്ടര്‍ സമീര്കിഷന്, എഎസ്പി ഹരീഷ് ജയിന്, തഹസില്‍ദാര്‍ കെ.ആര്. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സെമിത്തേരിയിലെത്തുന്നത്.
തുടര്‍ന്ന് കുഴിയെടുത്ത് പെട്ടി പുറത്തെടുത്തു. തുടര്‍ന്ന് പ്ലാസ്റ്റിക് കൊണ്ട് മറകെട്ടിയാണ് ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനായി നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. കല്ലറയില്‍നിന്നു പെട്ടി പുറത്തെടുത്ത് സജിയുടെ ശരീരം പുറത്തെടുക്കുമ്പോള്‍ മകള്‍ മീഷ്മയെയും പോലീസ് കൊണ്ടുവന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ സെമിത്തേരിയിലേക്ക് എത്തിയതോടെ പോലീസ് ഈ പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി.