റോഡരികിലെ പുല്ലിനു തീപിടിച്ചു; ഒഴിവായത് വൻ അപകടം
1512855
Tuesday, February 11, 2025 12:05 AM IST
പൂച്ചാക്കൽ: റോഡരികിലെ പുല്ലിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പൂച്ചാക്കൽ പാലത്തിന്റെ ഒരു വശത്തായി നിന്നിരുന്ന പുല്ലിനും പ്ലാസ്റ്റിക്കിനും ആണ് തീ പിടിച്ചതത്. ചേർത്തലയിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. പാലത്തിന് സമീപത്തായി ട്രഷറിയും ട്രാൻസ്ഫോർമറും സ്ഥിതി ചെയ്യുന്നുണ്ട്.
തലനാരിഴയ്ക്കാണ് വലിയ അപകടം ഉഴിവായത്. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മാലിന്യത്തിന് തീ ഇട്ടപ്പോൾ പുല്ലിലേക്ക് പടർന്നതാവാം എന്നാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞത്. തുറവുർ- അരൂർ ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചേർത്തല-എറണാകുളം ഭാഗത്തേക്കു പോകുന്ന ഭാരവാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങൾ കൂടുതലും പൂച്ചാക്കൽ വഴിയാണ് കടന്നുപോകുന്നത്. ഒരുമണിക്കൂറത്തെ ശ്രമഫലമായിട്ടാണ് തീ അണച്ചത്. റോഡരികിലെ പുല്ല് ഉണങ്ങി നിൽക്കുന്നതിനാൽ ഇനിയും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നും ബന്ധപ്പെട്ട അധികൃതർ മുൻകരുതലുകൾ എടുക്കണമെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.