തേങ്ങാമോഷണം ചോദ്യം ചെയ്തതിന് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
1512856
Tuesday, February 11, 2025 12:05 AM IST
കായംകുളം: തേങ്ങാമോഷണം ചോദ്യം ചെയ്തതിന് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് ഷീജാഭവനം വീട്ടിൽ നൗഫൽ (30) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്.
പുള്ളിക്കണക്ക് സ്വദേശിയായ പ്രകാശിന്റെ പറമ്പിൽനിന്നു സ്ഥിരമായി തേങ്ങാമോഷണം ചെയ്യുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം പ്രകാശിനെ ഇന്റർലോക്ക് കട്ട ഉപയോഗിച്ച് വാരിയെല്ല് ഭാഗത്തും മുഖത്തും ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രണ്ടാം കുറ്റിക്ക് കിഴക്കുവശം സൈക്കിൾ ചവിട്ടി വന്ന പ്രകാശിനെ തടഞ്ഞുനിർത്തി പ്രതി ഇന്റർലോക്ക് കട്ട ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രദേശവാസികൾക്ക് ശല്ല്യമായ നൗഫലിനെതിരെ മുമ്പും നിരവധി പരാതികൾ ലഭിച്ചിരുന്നു. കായംകുളം സിഐ അരുൺ ഷായുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ അരുൺ, അശോക്, സജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.