പുഞ്ചകൃഷി വിളവെടുപ്പിന് സജ്ജമായി അപ്പർകുട്ടനാടൻ പാടശേഖരങ്ങൾ
1513549
Thursday, February 13, 2025 12:02 AM IST
ഹരിപ്പാട്: നവംബര്‍ മാസത്തില്‍ വിതയിറക്ക് ആരംഭിച്ച പാടശേഖരങ്ങള്‍ വിളവെടുപ്പിന് സജ്ജമായി. വീയപുരം കൃഷിഭവനിലെ മുണ്ടുതോട് പോളത്തുരുത്ത്, ചെറുതനയിലെ തെക്കേ പോച്ച വടക്ക് പാടശേഖരങ്ങളാണ് കൃഷിക്ക് സജ്ജമായത്. മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ ഇവിടെ വിളവെടുപ്പ് ആരംഭിക്കും.
കൊയ്ത്തുമെതി യന്ത്രങ്ങള്‍ ബുക്ക് ചെയ്യുന്ന തിരക്കിലാണ് പാടശേഖരസമിതികള്‍. പുഞ്ച കൃഷി ആദ്യഘട്ട വിളവെടുപ്പ് നടക്കുന്ന പാടം ആയതിനാല്‍ യന്ത്രക്ഷാമം അനുഭവപ്പെടില്ല എന്നതാണ് കര്‍ഷകര്‍ക്കും പാടശേഖര സമിതികള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നത്. മാര്‍ച്ച് അവസാനവാരവും ഏപ്രില്‍ ആദ്യവാരവും അധിക പാടശേഖരങ്ങളിലും ഒരുപോലെ വിളവെടുപ്പ് നടത്തേണ്ടിവരുമെന്നതിനാല്‍ യന്ത്രക്ഷാമം അനുഭവിക്കേണ്ടിവരും.
നിലവില്‍ മണിക്കൂറിന് 2000 രൂപയാണ് കൊയ്ത്തുമെതി യന്ത്രത്തിന് കൂലി നിശ്ചയിച്ചിട്ടുള്ളത്. ഇക്കുറി മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ വിളവെടുപ്പുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അന്തരീക്ഷ ഊഷ്മാവ് കൂടി നില്‍ക്കുന്നതിനാലും വേനല്‍മഴ ലഭിക്കാത്തതിനാലും വിള നേരത്തെ തന്നെ കൊയ്ത്തിനു പാകമാകും. ഉമവിത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് 105 ദിവസം എത്തുമ്പോഴെ വിളവെടുക്കാന്‍ കഴിയുമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സാധാരണയില്‍ ഉമവിത്തിന്റെ വിളവെടുപ്പ് 125 മുതല്‍ 130 ദിവസം വരെയാണ്. കുറഞ്ഞത് 20 മുതല്‍ 25 ദിവസം വരെ മുമ്പേ വിളവെടുക്കാമെന്നാണ് കൃഷി ഉന്നത ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.
ജലാശയങ്ങളില്‍ ഓരിന്റെ അളവ് കൂടുതലുള്ളതിനാല്‍ പാടശേഖരങ്ങളില്‍ വെള്ളം കയറ്റുന്നതുസംബന്ധിച്ചും കര്‍ഷകര്‍ക്കും പാടശേഖരസമിതികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 20 ഓടെ പാടശേഖരങ്ങളില്‍ വിളവെടുപ്പ് സജീവമാകുമെന്നാണ് കൃഷി ഉദ്യോഗസ്ഥ രുടെയും അഭിപ്രായം.