കേരള കോണ്‍ഗ്രസ്-എം കര്‍ഷക സദസ് നാളെ
1513551
Thursday, February 13, 2025 12:02 AM IST
ആലപ്പുഴ: കേരളകോണ്‍ഗ്രസ്-എം കര്‍ഷക സദസ് സംഘടിപ്പിക്കും. 14ന് രാമങ്കരിയിലാണ് കര്‍ഷക സദസ്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ റബര്‍ കര്‍ഷകസമ്മേളനം കോട്ടയത്തും മലയോര കര്‍ഷകസമ്മേളനം ഇടുക്കിയിലും നടത്തി. അതിന്റെ ഭാഗമായിട്ടാണ് നെല്‍കര്‍ഷകരുടെ സമ്മേളനം നടത്തുന്നതെന്ന് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാന്‍സിസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ഷകരക്ഷാ സദസ് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. എംഎല്‍എമാര്‍, സംസ്ഥാനനേതാക്കള്‍ എന്നിവര്‍ സദസില്‍ പങ്കെടുക്കും.
നെല്ലിന്റെ തറവില ഉയര്‍ത്തുക, മില്ലുകാരുടെയും ഇടനിലക്കാരുടെയും ചൂഷണം തടയുക, ഇപ്പോള്‍ തണ്ണീര്‍ത്തടം നികത്തല്‍ ഫീസായി സര്‍ക്കാരിലേക്ക് ലഭിക്കുന്ന തുക നെല്‍കൃഷി അഭിവൃദ്ധിഫണ്ടായി നീക്കിവയ്ക്കുക, റബര്‍ ഉത്പാദക ഉത്തേജകപദ്ധതി മാതൃകയില്‍ നെല്‍കൃഷി ഉത്തേജക പദ്ധതിക്ക് രൂപം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ അവകാശപത്രിക സര്‍ക്കാരിനു മുന്പില് സമര്‍പ്പിക്കും.
ആയിരത്തോളം കര്‍ഷക പ്രതിനിധികള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട ബജറ്റില്‍ മേല്പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പത്രസമ്മേളനത്തില്‍ രാഷ്ട്രീയകാര്യസമിതിയംഗം വി.ടി. ജോസഫ്, ജെനീസ് ജേക്കബ്, സംഘാടകസമിതി ചെയര്മാന് ജോസഫ് കെ. നെല്ലുവേലി, കണ്‍വീനര്‍മാരായ ജോണി പത്രോസ്, ജോണി മണലില്‍, ബിനു ഐസക്, സജു ഇടക്കാട് എന്നിവര്‍ പങ്കെടുത്തു.