പെരിങ്ങിലിപ്പുറത്ത് അന്താരാഷ്ട്ര നിലവാരത്തിൽ ക്രിക്കറ്റ് കളിക്കളം തയാറാകുന്നു
1512551
Sunday, February 9, 2025 11:53 PM IST
മാന്നാർ: ബുധനൂർ പഞ്ചായത്തിലെ പെരിങ്ങിലിപ്പുറത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് കളിക്കളം തയാറാകുന്നു. 21 വർഷമായി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ 20,000 ലേറെ പേർക്ക് ക്രിക്കറ്റ് പരിശീലനം നൽകിവരുന്ന ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് പെരിങ്ങിലിപ്പുറത്ത് ന്യൂ കിഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് എന്ന പേരിൽ കളിക്കളം. ആറ് ഏക്കർ സ്ഥലത്ത് നാല് ടർഫ് വിക്കറ്റ്സും ഗ്രാസ് ഔട്ട് ഫീൽഡോടുകൂടിയ 75 യാർഡ് ബൗണ്ടറിയുള്ള ക്രിക്കറ്റ് ഗ്രൗണ്ടും നെറ്റ്സ് പരിശീലന സൗകര്യവും തയാറാക്കിയിട്ടുണ്ട്. ഇവിടെ 40 കളിക്കാർക്ക് താമസിക്കാനുള്ള സൗകര്യവും കഫ്തീരിയ, വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും തയാറാക്കി വരുന്നു.
ഈ ഗ്രൗണ്ട് കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ക്രിക്കറ്റ് ഗ്രൗണ്ട് ആയിരിക്കുമെന്നാണ് അക്കാദമിയുടെ ഭാരവാഹികൾ അവകാശപ്പെടുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവർത്തനം 2024 മാർച്ചിൽ ഓൾ കേരള ടി-ട്വന്റി ക്രിക്കറ്റ് ടൂർണമെൻറ്റോടുകൂടിയാണ് തുടങ്ങിയത്.
ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഈ ഗ്രൗണ്ടിൽ നിലവിൽ കേരളത്തിലെ പ്രമുഖരായ 18 ടീമുകളെ ഉൾപ്പെടുത്തി ഓൾ കേരള 30 ഓവർ വൺഡേ സീനിയർ ടൂർണമെന്റായ സീനിയർസ് കപ്പ് നടക്കുകയാണ്. ഈ ടൂർണമെന്റിൽ അണ്ടർ-19 ഇന്ത്യൻ താരവും അനവധി രഞ്ജി ട്രോഫി താരങ്ങളും സ്റ്റേറ്റ് താരങ്ങളും വിവിധ ടീമുകൾക്കുവേണ്ടി മത്സരിക്കുന്നു.
ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്ക് കുട്ടികളാണ് ഈ കാലയളവിൽ അക്കാദമിയിലൂടെ പരിശീലനം നേടിവരുന്നത്. അതിന്റെ ഫലമായി ഒട്ടേറെ ജില്ലാ, മേഖലാ, യൂണിവേഴ്സിറ്റി, സ്കൂൾസ് നാഷണൽ താരങ്ങൾക്കും മൂന്ന് സ്റ്റേറ്റ് ക്യാപ്റ്റന്മാർക്കും ഒരു രഞ്ജി ട്രോഫി താരത്തിനും ശ്രീലങ്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരത്തിനും ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് താരത്തിനും തമിഴ്നാട് പ്രീമിയർ ലീഗ് താരത്തിനും 32 ഓളം സംസ്ഥാന താരങ്ങൾക്കും ജന്മംനൽകിയ അക്കാദമി 2025 മാർച്ച് ഏഴോടുകൂടി 21 വർഷം പൂർത്തീകരിക്കുകയാണ്. 21 വർഷത്തെ അക്കാദമിയുടെ പ്രവർത്തനത്തിന്റെ ഫലമായി 35ഓളം കളിക്കാർക്ക് നാട്ടിലും കേരളത്തിനു പുറത്തും വിദേശത്തും കളിയിലൂടെ ജോലി ലഭിക്കുകയും ചെയ്തു.
കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിൽ ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമിയുടെ എട്ട് താരങ്ങളെയാണ് ലക്ഷങ്ങൾ മുടക്കി വിവിധ ടീമുകൾ സ്വന്തമാക്കിയത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടു മാസം നീണ്ടുനിൽക്കുന്ന വേനൽക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് പെരിങ്ങിലിപുറം ന്യൂ കിഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലും ചെങ്ങന്നൂർ ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമി ഇൻഡോർ പരിശീലന കേന്ദ്രത്തിലും നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 9605057539, 9645102230.