കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റം 15ന്
1513553
Thursday, February 13, 2025 12:02 AM IST
ചങ്ങനാശേരി: കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി അതിരൂപതയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ 15ന് സംഘടിപ്പിക്കുന്ന കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റ ലോംഗ് മാര്‍ച്ചിനും അവകാശ പ്രഖ്യാപന റാലിക്കുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. അന്ന് രാവിലെ ഒമ്പതിന് മങ്കൊമ്പ് ഡോ.എം.എസ്. സ്വാമിനാഥന് നഗറില്‍നിന്നും ലോംഗ് മാര്‍ച്ച് ആരംഭിക്കും.
ആലപ്പുഴ, മുഹമ്മ, ചെങ്ങന്നൂര്‍, എടത്വാ, ചമ്പക്കുളം, പുളിങ്കുന്ന്, കുടമാളൂര്‍, ചങ്ങനാശേരി ഫൊറോനകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ ലോംഗ് മാര്‍ച്ചില്‍ അണിചേരും. എസി റോഡിലൂടെ 16 കിലോമീറ്റര്‍ കടന്ന് ലോംഗ് മാര്‍ച്ച് പെരുന്നയില്‍ എത്തിച്ചേരും.
കാല്‍ലക്ഷംപേര്‍ അണിനിരക്കുന്ന അവകാശ പ്രഖ്യാപന റാലി 3.15ന് പെരുന്നയിലെ സി.എഫ്. തോമസ് സ്ക്വയറില്‍നിന്നും എസ്ബി കോളജ് മൈതാനത്തേക്ക് അവകാശസംരക്ഷണ റാലി നടക്കും. 18 ഫൊറോനകളില്‍നിന്നുള്ള കാല്‍ലക്ഷത്തോളം അംഗങ്ങള്‍ റാലിയില്‍ പങ്കെടുക്കുമെന്ന് അതിരൂപത ഭാരവാഹികള്‍ പറഞ്ഞു.
മഹാസംഗമം
എസ്ബി കോളജ്
മൈതാനത്ത്
റാലി കോളജ് മൈതാനത്ത് എത്തിയശേഷം കോളജില്‍ പ്രത്യേകം സജ്ജമാക്കുന്ന മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ ആരംഭിക്കുന്ന അവകാശപ്രഖ്യാപന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആമുഖപ്രഭാഷണം നടത്തും. പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബര്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, ജനറല്‍സെക്രട്ടറി ബിനു ഡൊമനിക്, രാജേഷ് ജോണ്‍, ജിനോ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.