ഷോക്കടിപ്പിച്ച് കൊലപാതകം: വെളിച്ചം പകര്‍ന്നത് കെഎസ്ഇബി
1513369
Wednesday, February 12, 2025 6:06 AM IST
അന്പലപ്പുഴ: ഷോക്കടിപ്പിച്ച് കൊലപാതകത്തിൽ പ്രതികളെ കണ്ടെത്താൻ വെളിച്ചം പകര്‍ന്നത് കെഎസ്ഇബി ഇടപെടൽ. വൈദ്യുതാഘാതമാണ് ദിനേശ് മരിക്കാന്‍ കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായെങ്കിലും പ്രതികളിലേക്ക് വെളിച്ചം പകർന്നത് കെഎസ്ഇ ബിയുടെ തെളിവെടുപ്പാണ്.
പുന്നപ്ര വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വാടയ്ക്കൽ കല്ലുപുരക്കൽ വീട്ടിൽ ദിനേശ(53)ന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് പോലീസിന് സഹായകരമാകും വിധത്തിലുള്ള അന്വേഷണമാണ് കെഎസ്ഇബി വേഗത്തിൽ പൂർത്തിയാക്കിയത്. ദിനേശന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. വിവരം പോലീസ് പുന്നപ്ര കെ എസ്ഇബി സെക്ഷൻ ഓഫീസിലറിയിച്ചു.
തുടർന്ന് ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽനിന്ന് മൂന്നും പുന്നപ്ര സെക്ഷൻ ഓഫീസിൽനിന്ന് അസിസ്റ്റന്റ് എൻജി നിയർ ഉൾപ്പെട്ട നാലംഗസംഘവുമടക്കം ഏഴുപേരുടെ നേതൃത്വത്തിലായിരുന്നു ദിനേശന്റെ അയൽവാസി കൂടിയായ പ്രതി കിരണി(28)ന്റെ വീട്ടിൽ പരിശോധന നടത്തിയത്. അടുക്കളയുടെ പിൻഭാഗത്തെ പറമ്പിൽ ഒരിഞ്ച് വീതിയിലുള്ള ഇരുമ്പിന്റെ പട്ടക്കഷണം സംഘം കണ്ടെത്തി.
എൽ ആകൃതിയിലുള്ള വെൽഡ് ചെയ്ത് കൂട്ടി യോജിപ്പിച്ച പട്ടയിൽ ഇലക്ട്രിക് വയർ ഘടിപ്പിച്ച നിലയിലായിരുന്നു. അടുക്കളയിലെ സോക്കറ്റിൽനിന്നാണ് ഇതിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത്. രാത്രി വീടിന്റെ പിന്നിലെത്തിയ ദിനേശന് ഷോക്ക് ഏൽക്കാനാണ് ഇങ്ങനെ ചെയ്തത്. ഒരടിയോളം നീളമുള്ള ഇരുമ്പുപട്ടയിൽനിന്ന് ഷോക്കേറ്റ് നിലത്തുവീണെന്നും കിരൺ പോലീസിനോട് പറഞ്ഞിരുന്നു.
ഈ സമയം വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടാതിരിക്കാൻ മൂന്നു ചെമ്പ് നൂൽക്കമ്പികൾ കൂട്ടി ഉപയോഗിച്ച് ഫ്യൂസ് കെട്ടിയിരുന്നതായും പരിശോധയിൽ വ്യക്തമായി. ദിനേശൻ ഇരുമ്പുപട്ടയിൽനിന്ന് ഷോക്കേറ്റ് വീണപ്പോൾ ലൈറ്റുകൾ മങ്ങിയതായി കിരൺ പോലീസിനോട് പറഞ്ഞു.
ഈ സമയം അനക്കമുണ്ടായിരുന്ന ദിനേശന്റെ മരണം ഉറപ്പാക്കാൻ കോയിൽ പോലെയുള്ള ഉപകരണം ദേഹത്ത് ഘടിപ്പിച്ച് വീണ്ടും വൈദ്യുതി പ്രവഹിപ്പിച്ചതായും കിരൺ പോലീസിനോട് പറഞ്ഞിരുന്നു.
കിരണിന്റെ വീട്ടിലെ ഒരുമുറിയിലെ കട്ടിലിനു താഴെ ഏതു നിമിഷവും വൈദ്യുതി പ്രവഹിപ്പിക്കാൻ കഴിയുംവിധത്തിൽ വയർ സജ്ജീകരിച്ചിരുന്നു. കട്ടിലിന്റെ വശങ്ങളിൽ ആണി തറച്ചാണ് വയർ ഘടിപ്പിച്ചിരുന്നതെന്നും സംഘം കണ്ടെത്തി.
ഇതിനു പുറമേ കിരണിന്റെ ഫ്രിഡ്ജ്, മോട്ടോർ എന്നിവയിലേക്ക് കെഎസ്ഇബി മീറ്ററിന് സമീപത്തുനിന്ന് നേരിട്ട് വൈദ്യുതി അനധികൃതമായി എത്തിയി രുന്നതായി കണ്ടെത്തി. വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറും ചൊവ്വാഴ്ച പരിശോധന നടത്തി വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.
പ്രതികൾ റിമാന്‍ഡിൽ
അമ്പലപ്പുഴ: ഷോക്കടിപ്പിച്ച് കൊലപാതകം പ്രതികളെ റിമാൻഡ് ചെയ്തു. അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ മകനെ യും അച്ഛനെയും അമ്മയെയും തെളിവെടുപ്പ് പൂർത്തികരിച്ച ശേഷം അമ്പലപ്പുഴ ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ കല്ലുപുരയ്ക്കൽ വീട്ടിൽ ദിനേശൻ (50) കൊല്ലപ്പെട്ട സംഭവത്തിലാണ് അയൽവാസികളായ കൈതവളപ്പ് വീട്ടിൽ കുഞ്ഞുമോൻ (55), ഭാര്യ അശ്വമ്മ (അശ്വതി-50) മകൻ കിരൺ (28) എന്നിവരെ ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് രജനി മോഹൻ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അശ്വമ്മയെ കൊട്ടാരക്കര വനിതാ ജയിലിലും കുഞ്ഞുമോനെയും കിരണിനെയും ആലപ്പുഴ സബ് ജയിലിലുമാണ് റിമാൻഡ് ചെയ്തത്.
കൂടുതൽ അന്വേഷണത്തിനായി ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചശേഷം പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് ഡിവൈഎസ്പി കെ.എൻ. രാജേഷ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെയാണ് ദിനേശൻ മരിച്ച നിലയിൽ വീടിനു കിഴക്കുള്ള കാപ്പിത്തോടിനോട് ചേർന്നുള്ള പാടശേഖരത്തിൽ കണ്ടെത്തിയത്. കിരൺ തനിച്ചാണ് ഷോക്ക് അടിപ്പിച്ച് ദിനേശനെ കൊല നടത്തിയത്.
കൊലയ്ക്കുശേഷം ദിനേശനെ സമീപത്തെ പാടശേഖരത്തിൽ കൊണ്ടുപോകുന്നതിന് കിരണിനെ പിതാവ് കുഞ്ഞുമോൻ സഹായിച്ചതിനും അശ്വമ്മ കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതും ആണ് ഇരുവരുടെയും പേരിലുള്ള കുറ്റം.
ചൊവ്വാഴ്ച രാവിലെ കുഞ്ഞുമോനെയും അശ്വമ്മയെയും വീട്ടിലും മൃതദേഹം കിടന്ന സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഷോക്ക് അടിപ്പിച്ച കമ്പി കണ്ടെത്തിയെങ്കിലും മരണം ഉറപ്പാക്കാൻ ദിനേശന്റെ ദേഹത്തുവച്ച ചെമ്പ്കോയിൻ ബോംബ് സ്ക്വാഡ് മെറ്റൽഡിറ്റക്ടറിന്റെ സഹായത്തോടെ കണ്ടെടുത്തു. ഇതോടെ കൊലയ്ക്ക് ഉപയോഗിച്ച സാധനങ്ങളും കൊലസമയത്ത് ധരിച്ച വസ്ത്രങ്ങളും പോലീസ് തൊണ്ടിയായി ശേഖരിച്ചു.
തുടർന്നാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. കിരണിനെ വീട്ടില്‍ നിന്നും അശ്വമ്മയെ തൊഴിലുറപ്പ് സ്ഥലത്തുനിന്നു വീട്ടിൽ വിളിച്ചു വരുത്തിയും കുഞ്ഞുമോനെ ജോലിസ്ഥലത്തുനിന്നുമാണ് അമ്പലപ്പുഴ ഡിവൈഎസ് പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പുന്നപ്ര സിഐ സ്റ്റെപ്റ്റോ ജോൺ, എസ്ഐമാരായ റെജിരാജ്, കെ.എസ്. സന്തോഷ്, സിപിഒമാരായ രതീഷ്, സിദ്ധിഖ്, ബിനു, അമർ ജ്യോതി. സുമത്, കാർത്തിക എന്നിവർ ചേർന്നാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.