ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഇല്ലാതെ വണ്ടാനം മെഡി. കോളജ് ആശുപത്രി
1512858
Tuesday, February 11, 2025 12:05 AM IST
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സർജറി വിഭാഗം അത്യാഹിതത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഇല്ലാതിരുന്നതിനാൽ അടിയന്തര ചികിത്സയ്ക്ക് എത്തിച്ച രോഗിയെ എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
നീർക്കുന്നം സ്വദേശിയായ ഗൃഹനാഥനെ വീടിനുള്ളിൽ വീണ് പരിക്കു പറ്റിയതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം സർജറി അത്യാഹിതത്തിൽ രണ്ടു ഹൗസ് സർജൻമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറേനേരം കാത്തിരുന്നിട്ടും പ്രധാന ഡോക്ടർ എത്താതിരുന്നതിനാൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറ്റൊരു സ്ഥലത്താണെന്നും പിജിയെ വിടാമെന്നും അറിയിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ മൂന്നുമണിയോടെ എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ മാറ്റി . അത്യാഹിത വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ഉണ്ടാകണമെന്ന് കർശന നിർദേശം ഉണ്ടെങ്കിലും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇത് പാലിക്കപ്പെടുന്നില്ല. ഇത്തരം സംഭവങ്ങളിലാണ് പലപ്പോഴും ആശുപത്രിയിൽ സംഘർഷങ്ങൾ ഉണ്ടാകുന്നത്.