കുട്ടനാട്ടില്‍ കുടിവെള്ള വിതരണം: മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും എംഎല്‍എ നിവേദനം നല്കി
1513361
Wednesday, February 12, 2025 6:06 AM IST
എടത്വ: വേനല്‍ കടുത്തുതുടങ്ങിയതോടെ കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ വള്ളത്തിലും വണ്ടികളിലുമായി കുടിവെള്ള വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും നിവേദനം നല്‍കിയതായി തോമസ് കെ. തോമസ് എംഎല്‍എ.
കൈനകരി പോലെയുള്ള പ്രദേശങ്ങളില്‍ നെല്‍കൃഷിയുമായി ബന്ധപ്പെട്ട് പാടശേഖരങ്ങളില്‍നിന്നു പുറന്തള്ളുന്ന മലിനജലം തോടുകളെ മലിനമാക്കിയതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും ഗ്രാമീണ മേഖലകളില്‍ വെള്ളമില്ലാത്ത അവസ്ഥയാണ്.
കുട്ടനാട്ടിലാകമാനം സ്ഥിതി മറിച്ചല്ല. നിലവില്‍ ജല അഥോറിറ്റി മുഖാന്തിരം ശുദ്ധജല വിതരണം നടത്തി വന്നിരുന്ന ഇടങ്ങളിലും സ്രോതസുകളിലെ ജല ലഭ്യതക്കുറവും വിതരണ ലൈനിലെ തകരാറുകളും മൂലം കുടിവെള്ള വിതരണം മാസങ്ങളോളം മുടങ്ങുന്ന സാഹചര്യവുമാണ് നിലനില്‍ക്കുന്നത്. ഇക്കാര്യം ജല വിഭവമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടപ്പാക്കി ശുദ്ധജല വിതരണം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയതായും തോമസ് കെ. തോമസ് എംഎല്‍എ പറഞ്ഞു.