നീർനായ് ആക്രമണം; നിരവധി പേർക്കു കടിയേറ്റു
1513548
Thursday, February 13, 2025 12:02 AM IST
മാന്നാർ: നദിയിൽ കുളിക്കാനിറങ്ങിയ നിരവധി പേർക്കു നീർനായ് ആക്രമണത്തിൽ പരിക്കേറ്റു. ചെന്നിത്തല വാഴക്കൂട്ടംകടവ് വടക്കുഭാഗത്ത് അച്ചൻകോവിലാറിന്റെ കൈവഴിയായ പുത്തനാറിൽ കുളിക്കാനും നനയ്ക്കാനും എത്തിയവർക്കാണ് നീർനായുടെ കടിയേറ്റത്. കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് ഇവയുടെ ശല്യം രൂക്ഷമായിരിക്കുന്നത്. നീർനായ കടിച്ചു വലിച്ചതിനെത്തുടർന്ന് ഇരുകാലുകളിലും പരിക്കേറ്റ ചെന്നിത്തല വാഴക്കൂട്ടം കൊറ്റോട്ടുകാവിൽ ഓമനക്കുട്ടൻ (50) മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരാഴ്ച മുമ്പ് ആറ്റിൽ കുളിക്കാനിറങ്ങിയ ഓമനക്കുട്ടന്റെ ഭാര്യ മിനി(48)ക്കും നീർനായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രഞ്ജിത് കളീക്കൽചിറ, ശാരി പാമ്പനംചിറയിൽ, മനോഹരൻ മണിമന്ദിരം, ജ്യോതിമോൻ തുണ്ടുതറയിൽ, എട്ടു വയസുകാരി മനാദിൽ എന്നിവർക്കും നീർനായ ആക്രമണത്തിൽ പരിക്കേറ്റു. കുണ്ടൂരേത്ത് തങ്കപ്പൻ (80) നീർനായ ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. അധികൃതർ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.