ബാറില്‍ വടിവാളുമായി അക്രമം: ബാര്‍കൗണ്ടര്‍ തകര്‍ത്ത് മദ്യം കവര്‍ന്നു
1512849
Tuesday, February 11, 2025 12:05 AM IST
ചേര്‍ത്തല: ബാറില്‍ വടിവാളുമായി നാലംഗസംഘത്തിന്റെ അക്രമം. ബാര്‍കൗണ്ടര്‍ തകര്‍ത്ത സംഘം മദ്യവും കവര്‍ന്നു. സംഘര്‍ഷത്തില്‍ ബാറിലെ രണ്ടു ജീവനക്കാര്‍ക്കും പരിക്കേറ്റു.
അര്‍ത്തുങ്കല്‍ അറവുകാട് സ്വകാര്യ മദ്യശാലയായ ചള്ളിയില്‍ കാസില്‍സ് ഞായറാഴ്ച രാത്രി എട്ടോടെയാണ് ബൈക്കുകളിലെത്തിയ നാലംഗസംഘം അക്രമം നടത്തിയത്. നടുറോഡിലടക്കം വടിവാളുകള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തുടര്‍ന്ന് മദ്യശാലയിലെത്തിയവര്ക്കുനേരേ യും വടിവാള്‍ പരാക്രമം നടത്തി തുരത്തിയ ശേഷമായിരുന്നു അക്രമം.
ബാര്‍ കൗണ്ടറും മദ്യം വിളമ്പുന്ന മേശകളുമെല്ലാം ഉണ്ടായിരുന്ന ഗ്ലാസുകളും കുപ്പികളും വാളുകൊണ്ടും ആയുധം കൊണ്ടും തകര്‍ത്തു. ആയുധങ്ങളുപയോഗിച്ച് കാഷ് കൗണ്ടര്‍ പൊളിക്കാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. കൗണ്ടറില്‍നിന്നു മദ്യക്കുപ്പികള്‍ ശേഖരിച്ചാണ് സംഘം മടങ്ങിയത്. അക്രമസംഘത്തിലുള്പ്പെട്ട കടക്കരപ്പള്ളി വട്ടക്കര ഒറാഞ്ചിപറമ്പ് വിഷ്ണുഗോപിയെ (32) തൈക്കിലുള്ള കൂട്ടുകാരന്റെ വീടിന്റെ ടെറസില്‍ നിന്നു അര്‍ത്തുങ്കല്‍ പോലീസ് പിടികൂടി. മറ്റുള്ള മൂന്നു പേരും പോലീസിന്റെ വലയിലായതായാണു സൂചന.
അക്രമികളുടെ മര്‍ദനത്തില്‍ മദ്യശാലയിലെ ശുചീകരണ തൊഴിലാളി ഒഡീഷ സ്വദേശി ഗൗഡ പര്ഷേത്തിനു (22) പരിക്കേറ്റിട്ടുണ്ട്. അക്രമികള്ക്കിടയില്പ്പെട്ട ജീവനക്കാരന് ദിനേശനും (55) പരിക്കേറ്റു. മാനേജിംഗ് പാര്‍ട്ണര്‍ ആര്യന് ചള്ളിയിലിന്റെ പരാതിയെ തുടര്‍ന്ന് ചേര്‍ത്തല എഎസ്പി ഹരീഷ് ജയിന്റെയും അര്‍ത്തുങ്കല്‍ ഇന്‍സ്പക്ടര്‍ പി.ജി. മധുവിന്റെയും നേതൃത്വത്തില്‍ പോലീസ് സംഘമെത്തി തെളിവെടുത്തു. ഇവര്‍ നടത്തിയ തിരച്ചിലിലാണ് അക്രമിസംഘത്തിലെ ഒരാള്‍ പിടിയിലായത്.
ഇന്നലെ ശാസ്ത്രീയ പരിശോധനാ സംഘവും മദ്യശാലയിലെത്തി വിരലടയാളമടക്കമുള്ള തെളിവുകള്‍ ശേഖരിച്ചു. ഏതാനും നാൾമുമ്പ് ബാറിനു സമീപം സംഘര്‍ഷമുണ്ടായിരുന്നതായും ആ സംഭവവുമായി ഇതിനു ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അക്രമികളുടെയും മദ്യകവര്ച്ചയുടെയുമെല്ലാം ദൃശ്യങ്ങള്‍ സിസിടിവി കാമറകളില്‍ പതിഞ്ഞിരുന്നു.
നിരവധി ക്രമിനല്‍ക്കേസുകളില്‍ പ്രതിയായവരാണ് അക്രമികളെന്നാണ് വിവരം. മദ്യശാലയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് അക്രമം നടത്തിയതെന്നും ഇതിനു പിന്നിലെ ലക്ഷ്യം കവര്‍ച്ചയാണെന്ന് മാനേജിംഗ് പാര്‍ട്ണര്‍ ആര്യന് ചള്ളിയില്‍ പറഞ്ഞു. അഞ്ചുലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.