നെഹ്റു ട്രോഫിക്ക് മാറ്റുരയ്ക്കാൻ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബും വീയപുരം ചുണ്ടനും വീണ്ടും
1512846
Tuesday, February 11, 2025 12:05 AM IST
ഹര ിപ്പാട്: കഴിഞ്ഞ നെഹ്റു ട്രോഫിയിലും ചാമ്പ്യൻസ് ബോട്ട് ലീഗിലും ചുണ്ടിനും കപ്പിനുമിടയിൽ ട്രോഫി നഷ്ടപ്പെട്ട വീയപുരം ചുണ്ടനും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും ഒരിക്കൽകൂടി മാറ്റുരയ്ക്കുന്നു. 2025ലെ മത്സരങ്ങൾക്കായി ധാരണാ പത്രത്തിൽ ക്ലബ് ഭാരവാഹികളും ചുണ്ടൻവള്ള സമിതിയും ഒപ്പുവച്ചു.
വില്ലേജ് ബോട്ട് ക്ലബ് പ്രസിഡന്റ് സജു സെബാസ്റ്റ്യൻ, സെക്രട്ടറി സി.ജി. വിജയപ്പൻ ക്യാപ്റ്റൻ ബിഫി വർഗീസ് പുല്ലുകാട്ടിൽ വീയപുരം ചുണ്ടൻവള്ള സമിതി പ്രസിഡന്റ് ബി.ജി. ജഗേഷ്, സെക്രട്ടറി ഷോബിൾ സജി, ട്രഷറർ രാജേഷ് കോയിക്കൽ, രക്ഷധികാരി രഘു കോട്ടപുറത്ത്, വള്ള ശില്പി സാബു നാരായണൻ ആചാരി എന്നിവർ ചേർന്നാണ് നിരവധി ജലോത്സവ പ്രേമികളുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചത്.
കഴിഞ്ഞ നെഹ്റു ട്രോഫിയിൽ പിബിസി തുഴഞ്ഞ കാരിച്ചാലും വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരവും ഒപ്പത്തിനൊപ്പം എത്തിയെങ്കിലും കാരിച്ചാലിനെ ജേതാവായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്മേലുള്ള തർക്കം ഹൈക്കോടതിയിൽ കിടക്കുന്നതിനിടെയാണ് വില്ലേജ് ബോട്ട് ക്ലബ്ബും വീയപുരം ചുണ്ടനും വീണ്ടും മാറ്റുരയ്ക്കുന്നത്.
സിബിഎൽ ചാമ്പ്യൻ പട്ടം ഒരു പോയന്റിനാണ് വീയപുരത്തിനും വില്ലേജ് ബോട്ട് ക്ലബ്ബിനും നഷ്ടമായത്. അടുത്ത ജൂലൈ മാസത്തോടെ രാജപ്രമുഖൻ ട്രോഫിക്കുവേണ്ടിയുള്ള ചമ്പക്കുളം മൂലം ജലോത്സവത്തോടെ 2025 ലെ ജലമേളകൾക്കു തുടക്കം കുറിക്കാനിരിക്കെയാണ് വീയപുരം ചുണ്ടനും വില്ലേജ് ബോട്ട് ക്ലബ്ബും കൈകോർക്കുന്നത്.