കെ.പി റോഡിലും വെട്ടിക്കോട് പുഞ്ചയിലും വീണ്ടും മാലിന്യം തള്ളുന്നു
1512844
Tuesday, February 11, 2025 12:05 AM IST
ചാരുംമൂട്: കെ.പി റോഡിലും വെട്ടിക്കോട് പുഞ്ചയിലും വീണ്ടും മാലിന്യം തള്ളി. രണ്ടാഴ്ച മുമ്പ് ചുനക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടത്തെ മാലിന്യം പൂർണമായി നീക്കിയിരുന്നു. അതിനുശേഷം ദിവസങ്ങൾക്കുള്ളിൽത്തന്നെ മാലിന്യം വാഹനത്തിൽ കൊണ്ടുവന്നു തള്ളുകയായിരുന്നു. വെട്ടിക്കോട് ക്ഷേത്ര ജംഗ്ഷൻ മുതൽ കിഴക്കോട്ടുള്ള ഭാഗത്ത് കെ.പി. റോഡിന്റെ ഇരുവശവും വെട്ടിക്കോട് പുഞ്ചയിലുമാണ് മാലിന്യം വീണ്ടും തള്ളിയത്. ജനവാസ മേഖലയല്ലാത്തതിനാൽ മാലിന്യനിക്ഷേപ കേന്ദ്രമായി ഇവിടം മാറി.
റോഡിന്റെ ഇരുവശത്തും മാലിന്യം തള്ളുന്നുണ്ട്. ഇറച്ചിമാലിന്യവും ആശുപത്രികൾ, ഹോട്ടലുകൾ, പച്ചക്കറി-പഴക്കടകൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള മാലിന്യമാണ് റോഡരികിലും പുഞ്ചയിലെ വെള്ളത്തിലും കിടന്നു ചീഞ്ഞുനാറി ദുർഗന്ധം പരത്തുന്നത്.
ചാക്കുകളിലും പോളിത്തീൻ കവറുകളിലും മറ്റുമായാണ് മാലിന്യം കൊണ്ടിടുന്നത്. കെ.പി റോഡിലൂടെയുള്ള വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ദുർഗന്ധം കാരണം മൂക്കുപൊത്താതെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായി. റോഡിന്റെ വശങ്ങൾ കാടുപിടിച്ച് കിടക്കുകയാണ്. മാലിന്യം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും വെല്ലുവിളിയാണ്.
മാംസാവശിഷ്ടങ്ങൾ കാക്കകളും മറ്റും കൊത്തിയെടുത്ത് സമീപ വീടുകളിലെ കിണറുകളിലും പറമ്പുകളിലും കൊണ്ടിടുന്നതു പതിവാണ്. മേഖലയിലെ പ്രധാന ജലസ്രോതസാണ് വെട്ടിക്കോട് ചാൽ. കടുത്ത വേനലിൽപ്പോലും വെള്ളം വറ്റില്ലെന്നതാണ് ചാലിന്റെ പ്രത്യേകത. ചുനക്കര, ഭരണിക്കാവ് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ചാൽ സ്ഥിതി ചെയ്യുന്നത്.
മാലിന്യം തള്ളുന്നതു കാരണം ചാൽ മലിനമാകുകയാണ്. ചാലിലെ വെള്ളത്തിൽ വാഹനങ്ങൾ കഴുകുന്നതും പതിവാണ്. വാഹനങ്ങ ളിൽനിന്നുള്ള എണ്ണ ഒഴുകി വെള്ളത്തിൽ കലരുന്നു. മുമ്പ് പല തവണ ഇവിടെ കക്കൂസ് മാലിന്യം കൊണ്ടുവന്നു തള്ളിയിട്ടുണ്ട്.
പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും കാമറകൾ സ്ഥാപിക്കണമെന്നുമാണ് പ്രധാന ആവശ്യം. മാലിന്യം തള്ളുന്ന ആളുകളിൽനിന്ന് ഫൈൻ ഈടാക്കാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. മാലിന്യം കൊണ്ടിടുന്ന വ്യക്തികളുടെയോ വാഹനത്തിന്റെയോ നമ്പരോ വ്യക്തികളുടെ വിവരങ്ങളോ പഞ്ചായത്ത് സെക്രട്ടറിയെയോ നൂറനാട്, വള്ളികുന്നം പോലീസ് സ്റ്റേഷനുകളിലോ അറിയിക്കണമെന്ന് ചുനക്കര പഞ്ചായത്ത് പ്രസിഡൻറ് കെ .ആർ. അനിൽകുമാർ അറിയിച്ചു.