മദ്യലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച ഡിവൈഎസ്പി പോലീസ് പിടിയിൽ
1512851
Tuesday, February 11, 2025 12:05 AM IST
തുറവൂർ: മദ്യലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച ഡിവൈഎസ്പി പോലീസ് പിടിയിൽ. തിരുവനന്തപുരം ക്രൈം റി ക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അരൂർ എസ്ഐ ഗീതുമോളുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഞായറാഴ്ച രാത്രി ദേശീയപാതയിൽ ചന്തിരൂരിലായിരുന്നു സംഭവം.
പോലീസ് വാഹനം അപകടകരാംമാംവിധം കടന്നുപോകുന്നെന്ന് ജനങ്ങൾ വിവരമറിയിച്ചതിനെത്തുടർന്നാണ് പോലീസ് സംഘം കൈകാണിച്ച് വാഹനം നിർത്തിച്ചത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇദേഹം മദ്യപിച്ചിട്ടുണ്ടെന്ന് പോലീസിനു മനസിലായി. എറണാകുളത്ത് ഔദ്യോഗികാവശ്യത്തിനു പോയതാണെന്നും തിരുവനന്തപുരത്തേക്കു തിരികെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎസ്പിയാണെന്നു പറഞ്ഞതോടെ പോലീസ് ഒന്നു പതറി. ഇതോടെ വാഹനത്തിൽ കയറി ഇദ്ദേഹം ഓടിച്ചുപോയി.
എന്നാൽ, ഉടൻതന്നെ പോലീസ് സംഘം പിന്തുടർന്നെത്തി ഇയാളെയും വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ തുറവൂർ ഗവ. ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. എന്നാൽ, കേസ് ചാർജ് ചെയ്തോ എന്നടക്കമുള്ള വിവരങ്ങൾ നൽകാൻ അരൂർ പോലീസ് തയാറായില്ല.