ക്രൈസ്തവ സഭകളുടെ സംഭാവനകൾ അവിസ്മരണീയമെന്ന്
1512853
Tuesday, February 11, 2025 12:05 AM IST
മങ്കൊമ്പ്: കേരള നവോഥാനത്തിൽ ക്രൈസ്തവ സംഭാവന അവിസ്മരണീയമാണെന്നു ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക റെക്ടർ റവ.ഡോ. ജയിംസ് പാലയ്ക്കൽ അഭിപ്രായപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ചങ്ങനാേശരി അതിരൂപത 15ന് നടത്തുന്ന കർഷകരക്ഷാ നസ്രാണി മുന്നേറ്റത്തിനു മുന്നോടിയായി ചമ്പക്കുളത്ത് സംഘടിപ്പിച്ച നവോഥാന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഥിതരേയും പാർശ്വവത്കരിക്കപ്പെട്ടവരെയും മാറ്റിനിർത്തപ്പെട്ടവരെയും ചേർത്തുനിർത്തിയുള്ള സ്നേഹ സംസ്കാരത്തിലൂടെയാണ് നവോഥാന മേഖലയിൽ ക്രൈസ്തവസഭ ഉണർന്നു പ്രവർത്തിച്ചിട്ടുള്ളത്. എതിർപ്പുകളും പ്രതിസന്ധികളും ഉണ്ടായാലും ദുർബലരിൽ ദൈവത്തെ കാണുക എന്ന മഹനീയ ചിന്ത എന്നും സഭകൾ ഉയർത്തുമെന്നും അത് കാലോചിതമായ നവോഥാനത്തിന്റെ ചിന്തയായി പൊതുസമൂഹം കാണണം. 1864ൽ പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ചാവറയച്ചന്റെ ആശയം കേരള നവോഥാനത്തിനു പുതിയ അധ്യായം കുറിച്ചു.
സമത്വം സാഹോദര്യം കരുണ എന്നിവയിൽ ഊന്നിയ പുതിയ ഉണർത്തെഴുന്നേൽപ്പാണ് എന്നും സഭയുടെ പ്രചോദന ഘടകമായി സാമൂഹിക മേഖലയിൽ നിലനിർത്തിയിട്ടുള്ളത്. ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകളെ തിരസ്കരിക്കുമ്പോഴും മറന്നുപോകുമ്പോഴും ഏറ്റെടുത്തതും നിലനിർത്തേണ്ടതും തുടർന്നു പോകേണ്ടതുമായ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങളും ഒരു തടസവും ഇല്ലാതെ സഭ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഫ. ജാൻസൺ ജോസഫ് വിഷയാവതരണവും ഫാ. സെബാസ്റ്റ്യൻ ചാമക്കാല ആമുഖ പ്രഭാഷണവും നടത്തി. ജനറൽ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, സി.ടി. തോമസ്, ജിനോ ജോസഫ്, ചാക്കപ്പൻ ആന്റണി, കെ.എസ്. ആന്റണി, സെബാസ്റ്റ്യൻ വർഗീസ്, ആന്റപ്പൻ മുട്ടേൽ, ചാക്കപ്പൻ വരാപ്പുഴ എന്നിവർ പ്രസംഗിച്ചു.