പുതിയ ഔട്ട്ലെറ്റുകൾ സ്ഥാപിക്കരുത് മദ്യവിരുദ്ധസമിതി
1513355
Wednesday, February 12, 2025 6:05 AM IST
അമ്പലപ്പുഴ: പുതിയ ഔട്ട്ലെറ്റുകൾ സ്ഥാപിക്കരുതെന്ന് മദ്യവിരുദ്ധസമിതി. മദ്യവിരുദ്ധസമിതിയും ഇതര മദ്യവിരുദ്ധ സംഘടനകളും സമരം ചെയ്തതിന്റെ ഫലമായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന സന്ദർഭത്തിൽ നിർത്തലാക്കിയ ബിവറേജസ് ഔട്ട്ലെറ്റുകൾ 45 എണ്ണം വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
മദ്യവിരുദ്ധ സംഘടനകൾ യോജിച്ചും ഒറ്റയ്ക്കും നടത്തിയ സമരങ്ങളുടെ ഫലമായി നേടിയെടുത്ത പലതും വേണ്ടെന്നുവച്ച് കൂടുതൽ ഔട്ട്ലെറ്റുകളും മദ്യ വ്യാപാരശാലകളും തുറന്നു പ്രവർത്തിക്കാനുള്ള നീക്കമാണ് എൽഡിഎഫ് സർക്കാർ നടത്തുന്നതെന്നും ഇത് എൽഡിഎഫിന്റെ പ്രകടനപത്രികയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രദേശ് മദ്യവിരുദ്ധ സമിതിയും സർവോദയ പ്രസ്ഥാനങ്ങളും ഗാന്ധിമാർഗ പ്രവർത്തക കൂട്ടായ്മയും ചേർന്നു സംസ്ഥാന വ്യാപകമായി 17ന് പ്രതിഷേധ ദിനം ആചരിക്കുമെന്നും സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് എക്സൈസ് വകുപ്പ് മന്ത്രിക്ക് പ്രതിഷേധ കത്തുകൾ അയയ്ക്കുമെന്നും മദ്യവിരുദ്ധ സമതി സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.