അൽവാസികൾ തമ്മിലുള്ള തർക്കം: തടസം പിടിക്കാനെത്തിയയാൾക്കു വെട്ടേറ്റു
1513365
Wednesday, February 12, 2025 6:06 AM IST
മാന്നാർ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ തടസം പിടിക്കാനെത്തിയ ഒരാൾക്ക് വെട്ടേറ്റു. ചെന്നിത്തല കിഴക്കേ വഴി ലക്ഷംവീട് നഗറിന് സമീപമാണ് സംഭവം. പണിക്കന്റയ്യത്ത് സജുവും അയൽവാസി ജ്യോതിഷും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
സജുവിന്റെ വീട്ടിലെത്തിയ ജ്യോതിഷും സജുവും തമ്മിൽ തർക്കമുണ്ടായപ്പോൾ അയൽവാസികളായ ബന്ധുക്കൾ ഇടപെടുകയും തടസം പിടിക്കാൻ എത്തിയ കിഴക്കേവഴി കല്ലംപറമ്പിൽ അനിലി(42)ന് വെട്ടേൽക്കുകയുമായിരുന്നു. പുറത്തു വെട്ടേറ്റ അനിൽ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ ചികിത്സയിലാണ്.
സംഭ വവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ പണിക്കന്റയ്യത്ത് മണിക്കുട്ടൻ (57 ) മാന്നാർ പോലീസിന്റെ പിടിയിലായി. പ്രതിപ്പട്ടികയിലുള്ള ആറു പേരെ ഇനിയും പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനായുള്ള അന്വേഷണം തുടരുകയാണ്. മാന്നാർ പോലീസ് എസ്എച്ച്ഒ എം.സി.അഭിലാഷ്, എസ്ഐ സി.എസ്.അഭിരാം, സീനിയർ സിപിഒമാരായ സാജിദ്, മനേഷ്, സിപിഒ ഹരിപ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.