തണ്ണീർമുക്കം ഫെസ്റ്റിന്റെ വിജയത്തിനായി ‘വിദേശികളും’
1513357
Wednesday, February 12, 2025 6:05 AM IST
മുഹമ്മ: പാതിരാമണൽ ഫെസ്റ്റിന്റെ ആലസ്യത്തിലായിരിന്ന മുഹമ്മ പഞ്ചായത്ത് ഓഫീസിലേക്ക് ഇന്നലെ രണ്ടു വിദേശികൾ കയറിവന്നു. ഒഴുക്കുള്ള ഇംഗ്ലീഷുമായി ടൂറിസ്റ്റ് കേന്ദ്രങ്ങൾ അന്വേഷിച്ച് എത്തിയ ഇവരെ പഞ്ചായത്ത് അധികാരികൾ സ്നേഹവായ്പോടെ സ്വീകരിച്ചു.
സംസാരമധ്യേ തണ്ണീർമുക്കം ഫെസ്റ്റിന്റെ നോട്ടീസ് നൽകി മുഹമ്മക്കാരെ തണ്ണീർമുക്കം ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യാനും വിദേശികൾ തയാറായി. ഇതോടെയാണ് ക്ഷണക്കത്തുമായി എത്തിയത് വിദേശികളല്ല, വിദേശികളുടെ വേഷമിട്ട സ്വദേശികളാണെന്ന് മനസിലായത്. ഇതിനിടെ കടന്നുവരുന്നവരെയെല്ലാം ഇവർ തണ്ണീർമുക്കം ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുകയും ഫെസ്റ്റിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
തണ്ണീർമുക്കം സ്വദേശികളായ പുഷ്പനും സാബുവുമാണ് സായിപ്പിന്റെയും മാദാമ്മയുടെയും വേഷമിട്ടത്. മേക്കപ് മാൻ രാജപ്പനാണ് ഇവരെ വിദേശിയരായി അണിയിച്ചൊരുക്കിയത്. ചെമ്പിച്ച മുടിയും വിദേശീയരുടെ നിറവും കുളിംഗ് ഗ്ലാസും വച്ച് ഇംഗ്ലീഷ് സംസാരിച്ചെത്തുന്ന പുഷ്പനെയും സാബുവിനെയും നാട്ടുകാർക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല.
സമീപ പഞ്ചായത്തുകളിലും ആൾക്കാർ കൂടുന്നിടത്തുമെല്ലാം ഫെസ്റ്റിന്റെ സന്ദേശവാഹകരായി ഇവർ സഞ്ചരിക്കയാണ്. ഫെസ്റ്റിന്റെ കൊടിക്കൂറ പാറുന്ന കാറിലാണ് ഇവർ പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി കടന്നുവരുന്നത്. ജില്ലയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി തണ്ണീർമുക്കത്തെ മാറ്റുന്നതിന്റെ ഭാഗമായി നടത്തുന്ന ഫെസ്റ്റിന്റെ വിജയത്തിനായാണ് "വിദേശികളെയും’ രംഗത്തിറക്കിയത്.