വഴിയോര കച്ചവടക്കാരിയെ പറ്റിച്ച് യുവാക്കള്‍ മുങ്ങി
1512848
Tuesday, February 11, 2025 12:05 AM IST
ആലപ്പുഴ: ഓണ്‍ലൈനായി പണം നല്‍കാമെന്നു പറഞ്ഞ് ഫ്രൂട്സ് വാങ്ങി യുവാക്കള്‍ കടന്നുകളഞ്ഞതായി പരാതി. കായംകുളം തട്ടാരമ്പലം റോഡില്‍ തീര്‍ഥം പൊഴിച്ചാലുംമൂടിനു സമീപം പഴങ്ങള്‍ വില്‍ക്കുന്ന തമിഴ്നാട് പഴനി സ്വദേശിനി ശെല്വിക്കാണ് ദുരനുഭവം. കഴിഞ്ഞദിവസം ഉച്ചയോടെ ചുവന്ന ഒമ്നി വാനില്‍ എത്തിയ യുവാക്കള്‍ പേരയ്ക്ക, മാങ്ങ, സപ്പോട്ട എന്നിവ വാങ്ങി. 1800 രൂപയുടെ സാധനങ്ങളാണ് വാങ്ങിയത്.
വാഹനത്തില്‍ ഇരുന്നുകൊണ്ടായിരുന്നു സാധനങ്ങള്‍ വാങ്ങിയത്. ശെല്‍വി സ്കാനര്‍ എടുക്കാന്‍ തിരിഞ്ഞപ്പോള്‍ പണം നല്‍കാതെ കാറില്‍ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി സെല്‍വിയും കുടുംബവും കായംകുളത്ത് പഴക്കച്ചവടം ചെയ്യുന്നു. ഇവരുടെ ഏകവരുമാന മാര്‍ഗമാണ് ഇത്. ശെല്‍വിയുടെ പരാതിയില്‍ കായംകുളം പോലീസ് കേസെടുത്തു. യുവാക്കള്‍ എത്തിയ വാഹനത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വ്യാപാരസ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.