നെല്ലറയുടെ നാട്ടിൽ എള്ളുകൃഷി നൂറുമേനി വിളയിച്ച് തൊഴിലുറപ്പു തൊഴിലാളികൾ
1512843
Tuesday, February 11, 2025 12:05 AM IST
ഹരിപ്പാട്: വിവിധയിനം കൃഷികൾക്കു പരീക്ഷണ ഭൂമിയായ കുട്ടനാട്ടിൽ എള്ളുകൃഷിയിൽ നൂറുമേനി വിളയിച്ച് വിജയചരിത്രം കുറിക്കുകയാണ് തൊഴിലുറപ്പു തൊഴിലാളികൾ. നെല്ലറയുടെ നാട്ടിൽ നൂറുമേനി വിളയുന്ന നെല്ലിനു പിന്നാലെയാണ് നൂറുമേനിയിൽ എള്ളും വിളവെടുപ്പു നടത്തിയത്.
വീയപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ നാല്പതോളം തൊഴിലാളികളാണ് എള്ളു കൃഷിക്കു നേതൃത്വം നൽകിയത്. സ്വകാര്യവ്യക്തിയുടെ 50 സെന്റ് പുരയിടത്തിൽ നവംബർ പകുതിയോടെയാണ് ഒന്നേകാൽ കിലോ എള്ള് വിത്ത് വിതച്ചത്. വിളവെടുപ്പിന് വീയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസ് നേതൃത്വം നൽകി. വിളവെടുത്ത എള്ളുചെടികളുടെ ചുവട് മുറിച്ച് എള്ള് വെയിലിൽ ഉണക്കിയെടുക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കയാണ് തൊഴിലാളികൾ.
മൂന്നുദിവസം വെയിലിൽ ഉണക്കി ചെടിയിൽനിന്ന് എള്ള് വേർപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കും. വിളവെടുപ്പ് വേളയിൽ തന്നെ ആവശ്യക്കാർ എള്ളിനായി തൊഴിലാളികളെ സമീപിച്ചിട്ടുണ്ട്. വിൽപ്പനയ്ക്ക് സജ്ജമാകുന്നതോടെ ആവശ്യക്കാർക്ക് വിതരണം ചെയ്യും. എള്ളു കൃഷിക്ക് പിന്നാലെ വിപണനാടിസ്ഥാ നത്തിൽ ചീരകൃഷി ഇറക്കാ നുള്ള ശ്രമത്തിലാണ് തൊഴിലാളികൾ.