സർക്കാർ അവഗണനയ്ക്കെതിരേ ഇന്നു കർഷക സമരം
1513360
Wednesday, February 12, 2025 6:05 AM IST
മങ്കൊമ്പ്: കുട്ടനാടൻ കർഷകരോടു സർക്കാർ കാണിക്കുന്ന അനീതിക്കെതിരേ പ്രതികരിക്കുന്നതിനായി ഐക്യ കുട്ടനാട് പാടശേഖര ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഇന്നു മൂന്നിന് മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസിനു മുന്പിൽ പ്രതിഷേധ ധർണ നടത്തും.
ബജറ്റിൽ നെല്ലുവില വർധിപ്പിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നു സമിതി ഭാരവാഹികൾ ആരോപിച്ചു. 2021 ലാണ് നെല്ലുവില അല്പമെങ്കിലും വർധിപ്പിച്ചത്.
2022ലും 2025ലും ഐആർസി തീരുമാനപ്രകാരമുള്ള കൂലി വർധിപ്പിച്ച് കർഷകരെ അവഗണിച്ച് മുന്നോട്ടു പോകുവാൻ ഒരു സർക്കാരിനും കഴിയില്ല. നിരവധി വെല്ലുവിളികൾ ഏറ്റെടുത്താണ് ആലപ്പുഴ, അമ്പലപ്പുഴ, പുന്നപ്ര, നെടുമുടി, ചമ്പക്കുളം, കൈനകരി എന്നി കൃഷിഭവന്റെ കീഴിലുള്ള 141 പാടശേഖരങ്ങൾ രണ്ട് കൃഷി ചെയ്തുവരുന്നത്. ഇപ്പോൾ കർഷകർ ഓരു വെള്ളത്തിന്റെ ദുരിതമനുഭവിക്കുകയാണ്.
നെൽച്ചെടികളുടെ നാമ്പ് കരിഞ്ഞു തുടങ്ങിയതിനാൽ അടിയന്തരമായി നഷ്ടപരിഹാരം നൽകണം. പാടശേഖരങ്ങളുടെ അടിസ്ഥാന വികസനം പോലും നടപ്പാക്കാതെയാണ് കാർഷിക കലണ്ടർ പ്രകാരമുള്ള കൃഷി രീതികൾ അവലംബിക്കുവാൻ സർക്കാർ ആവശ്യപ്പെടുന്നത്.
നിരവധി നിവേദനങ്ങൾ അധികാരികൾക്ക് നൽകിയിട്ടും ഒന്നിനുപോലും ഫലം കാണാത്തത് കർഷകരെ നിരാശരപ്പെടുത്തുന്നു. പാടശേഖരത്തിന് കിട്ടുന്ന പമ്പിംഗ് സബ്സിഡികൾ കൊണ്ട് കൃഷി ചെയ്യുവാൻ സാധിക്കാത്ത സ്ഥിതിയിലാണ്. ആയതിനാൽ പമ്പിംഗ് സബ്സിഡി 1800 ൽ നിന്നും 3000 രൂപയായി ഉയർത്തണം.
നെല്ലുവില കിലോഗ്രാമിനു 35 രൂപയാക്കി ഉയർത്തിയെങ്കിൽ മാത്രമേ കൃഷിക്കാരന് ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ. ബണ്ടു നിർമാണം, വെള്ളപ്പൊക്കത്തെ അതിജീവിക്കൽ എന്നിവയ്ക്ക് പണമില്ല. വിത്തുപോലും കർഷകർ സ്വന്തം നിലയ്ക്ക് കണ്ടെത്തേണ്ട സാഹചര്യമാണ്.
കക്ക, വളം എന്നിവയുടെ സബ്സിഡികളില്ല. ഹാന്റ്ലിംഗ് ചാർജ് 300 രൂപയാക്കി ഉയർത്തണം. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച് കുട്ടനാട്ടിലെ നെൽകൃഷിയെ പിടിച്ച് നിർത്തുവാൻ സർക്കാർ മുന്നോട്ടു വരണമെന്നാണ് ഐക്യ കുട്ടനാട് പാടശേഖര ഏകോപന സമിതിക്ക് ആവശ്യപ്പെട്ടു.